ലോസ് ഏഞ്ചല്‍സ്: പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് അര്‍ജന്റീനിയൻ നടിയും സൗന്ദര്യ റാണിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു.
സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യനില വഷളായി നടിക്ക് അന്ത്യം സംഭവിക്കുകയായിരുന്നു.
കാലിഫോര്‍ണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിനമേരിക്കൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ജാക്വലിൻ കാരിയേരി. നടിയുടെ മരണം സിനിമ മേഖലയേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിൻ. മരണ സമയത്ത് ജാക്വലിന്റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നുവെന്ന് അര്‍ജന്റീനിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജന്റീനയിലെ സൗന്ദര്യമത്സരങ്ങളില്‍ നിരവധി തവണ വിജയിയായിരുന്ന ജാക്വലിൻ കാരിയേരിക്ക് വലിയ ആരാധകരുണ്ടായിരുന്നു. മോഡലിംഗിലും നാടകങ്ങളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു താരം. അടുത്തിടെ ഇന്ത്യയിലും പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ സിനിമാ താരം മരണപ്പെട്ടിരുന്നു. കന്നട നടി ചേതന രാജ് ആണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി നടി മരണപ്പെടുകയായിരുന്നു ചെയ്തത്.