തിരുവനന്തപുരം :ദേശീയബോധമുള്ള ജനതയ്ക്ക് മാത്രമേ വികസിത രാജ്യം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളുവെന്ന്
കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭാരതീയ മസ്ദൂർ സംഘം തൊഴിലാളികളെ ദേശീയബോധമുള്ളവരാക്കി മാറ്റി. രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്ന ഇതര തൊഴിലാളി സംഘടനകളിൽ നിന്ന് ബിഎംഎസ് വേറിട്ടുനിന്നുവെന്നും വി. മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ ജനറൽ മസ്ദൂർ സംഘത്തിൻ്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ 10 വർഷത്തിനിടെ നരേന്ദ്രമോദി സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നു. നഷ്ടത്തിൽ ആയിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊഴിലാളികളെ സംരക്ഷിച്ച് കൊണ്ടുതന്നെ മുന്നേറ്റത്തിൽ എത്തിച്ചു. തൊഴിൽ നിയമങ്ങളിലെ സങ്കീർണ്ണതകൾ മാറ്റി. പ്രഖ്യാപനവും വാഗ്ദാനവുമല്ല നടപടികളാണ് നരേന്ദ്രമോദിയുടെ ഭരണകാലത്ത് കണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു. വികസനത്തിന് ഒപ്പം രാജ്യത്തിൻ്റെ വൈവിധ്യവും സംരക്ഷിച്ചാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ആ നയത്തിന് ഒപ്പം നിൽക്കുന്നവരാണ് ബിഎംഎസ് എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി – എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനും
ചടങ്ങിൽ പങ്കെടുത്തു