4/6/23
തിരുവനന്തപുരം :സി. ദിവാകരന്റെ ആത്മകഥയിലെ വിവാദ പ്രസ്താവനക്കെതിരെ സിപിഎം രംഗത്ത്.ദിവാകരനെ നിലയ്‌ക്ക് നിര്‍ത്തണമെന്ന ആവശ്യമാണ് സി.പി.എം. ഉന്നയിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയെ മാത്രമല്ല ഇടതുമുന്നണിയുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ദിവാകരന്‍ നടത്തുന്നതെന്നാണ് സി.പി.ഐയുടെ നിലപാട്.
ദിവാകരന്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍ കടുത്ത നടപടികളേക്ക് നീങ്ങേണ്ടിവരുമെന്ന നിലപാടാണ് സി.പി.ഐയ്‌ക്കുള്ളത്. മാത്രമല്ല, ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ജസ്‌റ്റിസ് ശിവരാജന്‍ നിയമനടപടികളിലേക്ക് പോയാല്‍ പാര്‍ട്ടി ഒരു പിന്തുണയും നല്‍കില്ലെന്നും അവര്‍ വ്യക്‌തമാക്കുന്നു.
സി. ദിവാകരന്റെ ആത്മകഥയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ആത്മകഥയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ സംഭവങ്ങളെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ആ വേദിയില്‍ വച്ചുതന്നെ തള്ളിക്കളയുകയും ചെയ്‌തിരുന്നു. ആത്മകഥയിലുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം ദിവാകരനുമാത്രമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ദിവാകരന്‍ തുടര്‍ന്നു നടത്തുന്ന പ്രസ്‌താവനകളാണ് സി.പി.എമ്മിനെയും സി.പി.ഐയെയും വെട്ടിലാക്കിയിരിക്കുന്നത്.
സോളാര്‍ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്‌താവനകള്‍ ഇടതുമുന്നണിയോടൊപ്പം യു.ഡി.എഫിനും തലവേദനയായിരുന്നെങ്കില്‍ ജസ്‌റ്റിസ് ശിവരാജന്‍ കമ്മിഷന്‍ നാലോ അഞ്ചോ കോടി വാങ്ങിക്കൊണ്ട് എന്തൊക്കെയോ എഴുതിവച്ചുവെന്ന പ്രസ്‌താവന ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്. അതീവ ഗുരുതരമായ ഈ പ്രസ്‌താവന ആയുധമാക്കി കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.
സോളാര്‍ കേസില്‍ ജസ്‌റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കെതിരേ അന്വേഷണത്തിന് തീരുമാനിച്ചത്. അന്ന് മന്ത്രിയായിരുന്ന കെ. ബാബുവിന്റെ വിശ്വസ്‌തന്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിതന്നെ കമ്മിഷനായി നിയമിച്ച ജസ്‌റ്റിസ് ശിവരാജന്റെ റിപ്പോര്‍ട്ട് അതീവ ഗുരുതര സ്വഭാവമുള്ളതുമായിരുന്നു. ഇതിനെതിരേ അന്നുതന്നെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ദിവാകരന്റെ ഈ വെളിപ്പെടുത്തല്‍ അവര്‍ക്ക് ശക്‌തമായ ആയുധമായിട്ടുമുണ്ട്. മാത്രമല്ല, അതു സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതുമാണ്.
വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍ മന്ത്രി കെ.സി. ജോസഫും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും രംഗത്തെത്തിയിട്ടുണ്ട്. ജസ്‌റ്റിസ് ജി.ശിവരാജന്റെ സാമ്പത്തിക വളർച്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതു മുതല്‍ ദിവാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയാണെന്നാണ് സി.പി.ഐ. വൃത്തങ്ങള്‍ പറയുന്നത്.
മാത്രമല്ല, കഴിഞ്ഞ സംസ്‌ഥാന സമ്മേളനത്തില്‍ പ്രായത്തിന്റെ അടിസ്‌ഥാനത്തില്‍ പ്രധാനപ്പെട്ട കമ്മിറ്റികളില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
സംസ്‌ഥാന സമ്മേളനവേദയില്‍തന്നെ അദ്ദേഹം ഇതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. അതിലൊക്കെയുള്ള ചൊരുക്കാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വിവാദ വെടിപ്പെടുത്തലുകളിലൂടെ ദിവാകരന്‍ നടത്തുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ദിവാകരന്റെ ഇത്തരം പ്രസ്‌താവനകള്‍ സി.പി.എം-സി.പി.ഐ. ബന്ധത്തിനുതന്നെ കോട്ടം തട്ടുന്ന തരത്തിലേക്കു നീങ്ങുന്നുവെന്നാണ് ഇടതുമുന്നണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.