തിരുവനന്തപുരം :കാലിക്കറ്റ് സർവ്വകലാശാല വിമൻസ് സ്റ്റഡീസ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന SFI യുടെ മുൻ വനിത നേതാവ് ഡയാനക്ക് 2009-ലെ എം.എ. പരീക്ഷയിൽ ലഭിച്ച മാർക്കിൽ വർഷങ്ങൾക്ക് ശേഷം വർദ്ധനവ് വരുത്തി നൽകിയാതായ പരാതിയിൽ ശനിയാഴ്ച ഗവർണർ വാദം കേട്ടു.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ നേരിട്ട് ഹാജരായി . മറ്റു പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് നവനീത് കൃഷ്ണനും യൂണിവേഴ്സിറ്റിക്ക് വേണ്ടി റജിസ്ട്രാർ ഡോഇ. കെ. സതീഷും ഹാജരായി.
ഡയാന ഹാജരായില്ല.
ഡയാനയ്ക്ക് മാർക്ക് കൂട്ടി നൽകിയതിൽ പരാതിയുള്ള രണ്ട് സഹവിദ്യാർത്ഥിനികൾ ഓൺലൈനിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു.
ഹാജരിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഇന്റേണൽ മാർക്കിൽ വ്യത്യാസം വരുത്താൻ സർവ്വകലാശാലയുടെ
റെഗുലേഷനുകളിൽ വ്യവസ്ഥയില്ലെന്നും നിശ്ചിത 75 ശതമാനത്തിൽ കുറവ് ഹാജർ ഉള്ളതിനാൽ ഫീ അടച്ച് ഹാജറിൽ ഇളവ് നേടി പരീക്ഷ എഴുതാൻ അനുമതി ലഭിച്ച ഡയാനയ്ക്ക് എട്ടു വർഷം കഴിഞ്ഞ് 21 മാർക്ക് ഇന്റേണൽ മാർക്കായി കൂട്ടി നൽകിയത് മാർക്ക് ദാന മാണെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
അക്കാദമിക് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങളുടെ നഗ് നമായ ലംഘനമാണ് വിസി യും സിൻഡി ക്കേറ്റും നടത്തിയതെന്ന് പരാതിക്കാർ വാദിച്ചു.
യൂണിവേഴ്സിറ്റി ഹാജർ രേഖകൾ കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവർക്കും ഹാജറിൻ്റെ മാർക്ക് നൽകാൻ യൂണിവേഴ്സിറ്റി തീരുമാനിച്ചതെന്ന് രജിസ്ട്രാർ ഡോ. ഇ കെ സതീഷ് വാദിച്ചു.
ഡയാനക്ക് അധിക മാർക്കിന് അർഹതയില്ലെന്നതിനാൽ ചട്ട വിരുദ്ധമായി മാർക്ക് അനുവദിക്കുന്നത് അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ:അൻവർ ജഹാൻ സുബൈരി 2010 ൽ തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു.
എന്നാൽ 2018 ൽ വകുപ്പ് മേധാവിയായിരുന്ന ഇപ്പോഴത്തെ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം മിനി സുകുമാരന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡയാനയ്ക്ക് 21 മാർക്ക് കൂട്ടി നൽകാൻ യൂണിവേഴ്സിറ്റി തീരുമാനിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ ഹാജർ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ വിദ്യാർഥികൾക്കും ഒരേപോലെ ഹാജർ വെയിറ്റേജ് നൽകി ഇന്റേണൽ മാർക്കിന് പരിഗണിക്കാനായിരുന്നു ഉത്തരവ്
മാർക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിചെയർമാൻ ആർഎസ്. ശശികുമാർ, സെക്രട്ടറി M. ഷാജർഖാൻ, സിൻഡിക്കേറ്റ് മെമ്പറായ ഡോ. റഷീദ് അഹമ്മദ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ജയ്‌ഹിന്ദ് എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരെ എതിർ കക്ഷികളാക്കി ഡയാന കോഴിക്കോട് മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. പ്രസ്തുത കേസ് ജൂലൈ 9 ന് ചൊവ്വാഴ്ച പരിഗണനയ്ക്ക് വരുന്നതിന് തൊട്ട് മുൻപാണ് ഗവർണറുടെ ഹീ യറിങ്.
മാർക്ക് ദാനം അംഗീകരിക്കാൻ വിസമ്മതിച്ച വകുപ്പ് മേധാവിയായിരുന്ന ഡോ. മോളി കുരുവിളയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ തയ്യാറായ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഒരു വർഷം മുൻപ് സർവീസിൽ നിന്നും വിരമിച്ച വകുപ്പ് മേധാവിയായ പ്രൊഫസ്സറുടെ എല്ലാ പെൻഷൻ ആനുകൂല്യങ്ങളും തടഞ്ഞു വച്ചിരിക്കുകയാണ്.
മുൻ SFI നേതാവിനെതിരെ യുള്ള മാർക്ക് ദാന പരാതിയിൽ ഗവർണറുടെ തീരുമാനം അന്തിമമായിരിക്കും.