8/9/23
കോട്ടയം :പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. ഇത് നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം, ആ വിശ്വാസം ഞാൻ ഒരിക്കലും ഭംഗം വരുത്തുകയില്ല, വികസന തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് ‘- വോട്ടെണ്ണലിന് പിന്നാലെ ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ 53 വര്‍ഷം അപ്പ ഈ നാട്ടില്‍ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടര്‍ച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണ്. പുതുപ്പള്ളിയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട’.
‘അപ്പയെ പോലെ തന്നെ ഞാനും പുതുപ്പള്ളിക്ക് കയ്യെത്തുന്ന ദൂരത്ത് കാണും. അതിന് പാര്‍ട്ടിയോ, ജാതിയോ, മതമോ ഒന്നും പ്രശ്നമല്ല. നമുക്ക് ഒന്നിച്ച് ഈ നാടിന് വേണ്ടി മുന്നോട്ട് നീങ്ങാം. ശ്രീമതി സോണിയ ഗാന്ധി ജി, രാഹുല്‍ ഗാന്ധി ജി എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു. കോണ്‍ഗ്രസിലെ എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നു’- ചാണ്ടി ഉമ്മൻ പറഞ്ഞു.