തിരുവനന്തപുരം :അരുവിക്കര മണ്ഡലത്തിലെ ചാങ്ങ സർക്കാർ എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇനി യാത്ര സുഗമമാകും. ഗ്രാമപ്രദേശത്തെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഏറെ നാളത്തെ ആഗ്രഹമാണ് സ്‌കൂളിന് ലഭിച്ച പുതിയ ബസ്. ജി.സ്റ്റീഫൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 16.82 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് വാങ്ങിയത്.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന് പിന്നിൽ കൂട്ടായ പരിശ്രമമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. സർക്കാരിനൊപ്പം ജനപ്രതിനിധികളും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും അധ്യാപകരും പി.ടി.എയും ഒന്നിച്ച് നിന്നതിന്റെ ഫലമാണ് സ്‌കൂളുകൾക്കുണ്ടായ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി ചടങ്ങിൽ അധ്യക്ഷയായിരുന്നു.