സസ്പെൻസ് ത്രിലോടെ കലാ മാമാങ്കത്തിന് തിരശീല വീണു, കന്നി കിരീടമുയർത്തി കണ്ണൂർ1 min read

കൊല്ലം :62ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം ചൂടി കണ്ണൂര്‍.952 പോയിന്റുമായാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് ഉയര്‍ത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോഴിക്കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 952 പോയിന്‍റോടെയാണ് കണ്ണൂര്‍ കിരീടം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ചു. 23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. 2000ല്‍ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂര്‍ ഏറ്റവും ഒടുവില്‍ കലാകിരീടം നേടിയത്.

പാലക്കാട്- 938, തൃശൂര്‍- 925, മലപ്പുറം- 913, കൊല്ലം- 910 എന്നീ ജില്ലകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തിയത്. അവസാന ദിവസം പോയിന്‍റുകള്‍ മാറിമറിയുന്നതാണ് കണ്ടത്. ആദ്യ നാല് ദിവസവും ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു. അവസാന ദിനം കിരീടം ഉറപ്പിച്ച്‌ മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളില്‍ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ നാലാം തവണ കലോത്സവത്തില്‍ കിരീടം നേടുകയായിരുന്നു.

ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലായി 239 മത്സരയിനങ്ങളാണ് കഴിഞ്ഞ അഞ്ച് ദിവസമായി കൊല്ലത്ത് നടന്നുവന്ന കലോത്സവത്തില്‍ ഉണ്ടായിരുന്നത്. ഇത്തവണ കലാ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കൻഡറി സ്കൂള്‍ 244 പോയിന്‍റോടെ ഒന്നാമതെത്തി. 116 പോയിന്‍റ് നേടി തിരുവനന്തപുരം കാര്‍മേല്‍ എച്ച്‌ എസ് എസ് ആണ് രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്‍റ് തെരെസാസ് എച്ച്‌ എസ് എസ് 92 പോയിന്‍റോടെ മൂന്നാമതാണ്.

കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളില്‍ ആയി 10 ഇനങ്ങളാണ് ഇന്ന് നടന്നത്. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *