കണ്ണൂർ വി സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു :ഗവർണർ1 min read

19/9/22

തിരുവനന്തപുരം :കണ്ണൂർ വി സി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന് ഗവർണർ

‘പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മര്‍ദ്ദം ചെലുത്തി. വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞു. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്’, ഗവര്‍ണര്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

വി.സി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. തന്റെ നാട്ടുകാരനാണ് കണ്ണൂര്‍ വി.സിയെന്നും, നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമനം നിയമവിധേയമല്ലെന്ന് താന്‍ നിരവധി തവണ ചൂണ്ടിക്കാട്ടി. അപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. താന്‍ ആവശ്യപ്പെടാതെ തന്നെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റേത് ഉള്‍പ്പെടെയുള്ള നിയമോപദേശം തനിക്ക് വാങ്ങി നല്‍കി. ഇത് സമ്മര്‍ദ്ദ തന്ത്രമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

സമ്മര്‍ദം ശക്തയതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിന് മറുപടിയായി ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ രണ്ടാമത്തെ കത്ത് ഡിസംബര്‍ 16ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി ജനുവരി 16ന് മൂന്നാമത്തെ കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി തനിക്ക് നല്‍കിയ ഉറപ്പു മറന്നുപോയോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

വാര്‍ത്താസമ്മേളനത്തിന് മുൻപ് ചീഫ് സെക്രട്ടറി വി.പി ജോയി തന്നെ കണ്ടത് സ്വകാര്യ സന്ദര്‍ശനമാണ്. മകളുടെ കല്യാണത്തിന് ക്ഷണിക്കാനാണ് ചീഫ് സെക്രട്ടറിയെത്തിയത്. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ്. 1986 മുതല്‍ ആര്‍എസ്‌എസുമായി ബന്ധമുണ്ട്. ആര്‍എസ്‌എസ് നിരോധിത സംഘടനയാണോ എന്നും ഗവര്‍ണര്‍ ചോദിച്ചു. വിവാദമായ രണ്ടു ബില്ലുകളില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *