ഇന്ന്ചട്ടമ്പി സ്വാമിജയന്തി ;വിദ്യാധിരാജ പരാമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികൾ:കേരളം ജന്മം നൽകിയ ഉജ്വല പ്രതിഭ :കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ1 min read

വിദ്യാധിരാജ പരാമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികൾ. (1853 – 1924 )

ചട്ടമ്പി സ്വാമികളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് നായർസമുദായം മാത്രമല്ല, പ്രബുദ്ധകേരളമാകെയാണ്. 20-)0നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന ഉജ്ജ്വല പ്രതിഭാശാലിയാണ് വിദ്യാധിരാജൻ ശ്രീ ചട്ടമ്പിസ്വാമികൾ. ചട്ടമ്പിസ്വാമികളെ അദേഹത്തിന്റെ ദർശനങ്ങളുടെയും ബോധനങ്ങളുടെയും സമഗ്രവെളിച്ചത്തിൽ പരിശോധിക്കുമ്പോൾ ആരാണ് അദ്ദേഹമെന്ന് വ്യക്തമാകും.

തിരുവനന്തപുരം ജില്ലയിൽ കണ്ണമ്മൂല എന്ന ദേശത്തു കൊല്ലൂർ ഗ്രാമത്തിൽ ഉള്ളൂർക്കോട് എന്ന പുരാതന നായർതറവാട്ടിൽ കൊല്ലവർഷം 1029ചിങ്ങമാസം 11-)0തീയതി (1853 ഓഗസ്റ് 25) വ്യാഴാഴ്ച ഭരണി നക്ഷത്രത്തിൽ ധനുലഗ്നത്തിൽ ഉച്ചക്ക് 2മണിക്ക് വിദ്യാധിരാജപരാമഭട്ടാര ശ്രീചട്ടമ്പി സ്വാമികൾ ഭൂജാതനായി. കേരളീയ നവോഥാനത്തിനു തിരികൊളുത്തിയ ആത്മീയാചാര്യൻ. ശരിക്കുള്ള പേര് അയ്യപ്പൻ. കുഞ്ഞൻ പിള്ള എന്നു ഓമനപ്പേര്. ആശാന്റെ ഗുരുകുലത്തിൽ സഹപാഠികളെ നിയന്ത്രിച്ചിരുന്ന മോണിട്ടർ (ചട്ടമ്പി )ആയിരുന്നതിനാൽ പിന്നീടും ചട്ടമ്പി എന്നറിയപ്പെട്ടു. സന്യാസം സ്വീകരിച്ചപ്പോഴും ആ പേരുതന്നെ പിന്തുടർന്നു. അമ്മയുടെ മരണശേഷം നാടുവിട്ട കുഞ്ഞൻ പിള്ള ദക്ഷിണേന്ത്യ മുഴുവൻ സഞ്ചരിച്ചു പല ഋഷിമാരെയും കണ്ടുമുട്ടി. പിന്നീടാണ് “ഷണ്മുഖദാസൻ “എന്നപേരിൽ സന്യാസം സ്വീകരിച്ചു. നായർസമുദായത്തിൽ നവോദ്ധാനത്തിൻറെ അലകൾ ഉയർത്തി. വിജ്ഞത്തിന്റെ ഖനിതന്നെയാകയാൽ ‘വിദ്യാധിരാജൻ ‘എന്നുതന്നെ വിളിക്കപ്പെട്ടു.

നവോഥാന നായകൻ

കേരളത്തിന്റെ നവോഥാന ചരിത്രത്തിൽ പ്രധാന സ്മരണീയമായ സ്ഥാനമാണ് സംപൂജ്യ ചട്ടമ്പിസ്വാമികൾക്കുള്ളത്. ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും സമകാലികരായിരുന്നു. ഇരുവരും ജനമനസ്സുകളിൽ ഗുരുസ്ഥാനം നേടിയവർ. അവരുടെ മാർഗ്ഗദര്ശനമാണ് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടന്ന ഈ നാടിന്റെ മനസ്സിനെ വെളിച്ചത്തിലേക്കുനയിച്ചതു. സമാനതകളില്ലാത്ത ജീവകാരുണ്യത്തിന്റെയും സംദീപ്തമായ ആത്മീയദര്ശനങ്ങളുടെയും സമന്വയചാരുതയിൽ ഒരു നവമാനവ ലോകം പടുത്തുയർത്താൻ ചട്ടമ്പിസ്വാമികൾക്കു കഴിഞ്ഞു. സംസ്കൃതത്തിലും മലയാളത്തിലും പാണ്ഡിത്യംനേടി. പ്രാചീനമലയാളം, ക്രിസ്തുമത ഛേദനം, വേദാധികാരനിരൂപണം, പുനർജന്മനിരൂപണം തുടങ്ങിയ കൃതികൾ അഗാധമായ ചരിത്രബോധത്തിന്റെ പ്രകാശ വഴികളായി തുറന്നത്. കൊല്ലം ജില്ലയിലെ പന്മനയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. 1924 മെയ്‌ അഞ്ചിന് കൊല്ലം ജില്ലയിലെ പന്മനയിൽ സ്വാമികൾ സമാധിയടഞ്ഞു. സമാധിസ്ഥാനത്തു ശിഷ്യന്മാർ പണികഴിപ്പിച്ച ബാലഭട്ടാരക ക്ഷേത്രം സ്ഥിതി ചെയ്യുന്നു… ഈ അടുത്തസമയത് ആണ് ജന്മസ്ഥാനമായ തിരുവനന്തപുരത്തെ കണ്ണമ്മൂലയിൽ സ്വാമികൾക്കായി ഒരു ക്ഷേത്രം പണിതു. ഇവിടെ നിത്യപൂജയും നടന്നുവരുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേർ ഈ ജന്മസ്ഥാന ക്ഷേത്രം സന്നാശിക്കാനായി വന്നുകൊണ്ടിരിക്കുന്നു. 71-)മത്തെ വയസ്സിലാണ് ചട്ടമ്പി സ്വാമികൾ സമാധിയായതു. അങ്ങനെ ഒരുമഹായോഗിയെക്കൂടി കാലം ആകാശത്തിന്റെ വെൺമേഘപാളികൾക്കിടയിലേക്കു കൂട്ടിക്കൊണ്ടുപോയി… പുതുതായി നിർമ്മിച്ച ജന്മസ്ഥാന ക്ഷേത്ര സമുച്ചയത്തിൽ വിദ്യാധിരാജ ഗവേഷണ പഠനകേന്ദ്രവും, ലൈബ്രറിയും, വിശാലമായ പ്രഭാഷണ ഹാളും സ്ഥിതി ചെയ്യുന്നു…. സ്വാമിയുടെ സമാധി ദിനത്തിലും, ജന്മനക്ഷത്ര ആഘോഷങ്ങളും ജയന്തിയും സമുചിതമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്….

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

Leave a Reply

Your email address will not be published. Required fields are marked *