25/8/22
നിരവധി ഋഷീശ്വരൻമാർക്ക് ജന്മ നൽകിയ നാടാണ് ഭാരതം , ഇതിൽ വിശേഷിച്ചും ദക്ഷിണ ഭാരതം .ശൈവ സിദ്ധാന്തത്തിന്റെ പ്രചാരകരായി അഗസ്ത്യരും ഭോഗറും മുതൽ അദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ് ആയ ശ്രീ ശങ്കരാചാര്യർ വരെ … ആ പരമ്പരയിലെ കണ്ണിതന്നെയാണ് ചട്ടമ്പി സാമികളും .
സ്വാമികളെ നോക്കികാണുമ്പോൾ ജീവിത സുഖ സൗകര്യങ്ങൾ ഉപേക്ഷിച്ചു ആത്മീയ വഴി സ്വീകരിച്ച ആളല്ല , മരിച്ചു നിത്യവൃത്തിയ്ക്കുവേണ്ടി ബാല്യം മുതൽ പണിയെടുക്കുകയും , അക്കാലയളവിൽ തന്നെ ആത്മീയതയുടെ നാമ്പ് ഹൃദയത്തിൽ ഉടലെടുത്തു എന്ന് വേണം കരുതാൻ, തുടർന്ന് പേട്ടയിൽ രാമൻ പിള്ള ആശാന്റെ കീഴിലെ വിദ്യാഭ്യാസം കുഞ്ഞൻ പിള്ളയെ ചട്ടമ്പി(മോണിട്ടർ )യാക്കി . അക്കലത്തു ജ്ഞാന പ്രജാഗരം , ശൈവ പ്രകാശ സഭ തുടങ്ങിയ സാംസ്‌കാരിക വിദ്വൽ സദസ്സിൽ പങ്കെടുക്കുക മൂലം നിരവധി പണ്ഡിതതോരോടൊത്തു ഇടപഴകുവാനും പല മേഖലകളിൽ നിന്നുള്ള വിജ്ഞാനം നേടുവാനും സാധിച്ചു .തൈക്കാട് അയ്യാസ്വാമികളുടെ അടുക്കൽ നിന്നും യോഗ്യഭ്യാസ മുറകളും ബാലാ സുബ്രഹ്മണ്യ മന്ത്രദീക്ഷയും കുഞ്ഞൻ പിള്ളയെ ഷണ്മുഖ ദാസനാക്കി മാറ്റി , ശ്രീനാരായണ ഗുരുവുമായുള്ള സുഹൃത്ത് ബന്ധവും ചർച്ചകളും ഇരുവരും ചേർന്നുള്ള മരുത്വാമലയിലെ തപസ്സും എല്ലാം തന്നെ സ്വാമികളിലെ ആത്മീയ പ്രഭാവത്തെ വർധിപ്പിക്കുകയും ചെയ്തു .
സന്യാസ വൃത്തിയിലൂന്നി നവോത്ഥാന രംഗത്തിനു സ്വാമികൾ നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല ….ജാതിയും ജാതിക്കുളിലെ ജാതീയയുമായി കഴിഞ്ഞ മലയാള നാടിനെ പുരോഗമനത്തിന്റെ പുൽ നാമ്പ് ആയി കരുത്തപ്പെടാവുന്ന രചനകൾ .. ‘വേദാധികാര നിരൂപണം’ .. വേദാധ്യയനം , ഒരു വിഭാഗത്തിന്റേതു ആയി മാത്രം കണ്ടിരുന്ന അന്നത്തെ സാമൂഹ്യ വ്യവസ്ഥയെ സ്വാമികൾ തന്റെ രചനയിലൂടെ ചോദ്യം ചെയ്തു .വേദാധ്യയന സപര്യയിലേക്കു വിവിധ വിഭാഗങ്ങൾ കടന്നു വരുവാനും അത് തലമുറകളിലൂടെ പകരുന്നതിനും അടിസ്ഥാന സംഗതി ഏതെന്നു ചോദിച്ചാൽ സ്വാമികളുടെ വേദാധികാര നിരൂപണം ആണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും .ജന്മമല്ല മറിച്ചു ഒരുവന്റെ പ്രവർത്തിയും ഗുണവുമാണ് അവന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനം എന്ന് പഠിപ്പിച്ച ആത്മീയ ആചാര്യൻ .സന്യാസം എന്നാൽ ജനമധ്യത്തിൽ നിന്നും അകന്നു വൃതാനുഷ്ടാനങ്ങളും ധ്യാനവുമായി കഴിയാനുള്ള സംഗതി മാത്രമാണ് എന്ന ധാരണ മാറ്റി ഒരു സന്യാസിക്ക് എപ്രകാരം ജനമധ്യത്തിൽ പ്രവർത്തിച്ചു കൊണ്ട് സമൂഹത്തിനു നന്മ ചെയ്യാൻ കഴിയും എന്ന് സ്വ ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു .
‘പ്രാചീന മലയാളം’ എന്ന കൃതിയിലൂടെ കേരളത്തിൽ പാരമ്പരയാ നിലനിന്നു പോരുന്ന വിശ്വാസങ്ങളെ അദ്ദേഹം ഖണ്ഡിച്ചിട്ടുണ്ട് .കേരളത്തിലെ സാമൂഹിക ജീവിതം സാമൂഹ്യ സ്വാതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നുവെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് .ആദിഭാഷ എന്ന ഗ്രന്ഥത്തിലൂടെ മനുഷ്യ സമുദായത്തിന്റെ ആദി ഭാഷ തമിഴ് ആണെന്ന വാദമാണ് അദ്ദേഹം അവതരിപ്പിച്ചത് .അദ്വൈത വേദാന്തത്തെ
പൂർണമായി ഉൾക്കൊണ്ടിരുന്ന സ്വാമികൾ അദ്വൈത ചിന്താ പദ്ധതി എന്ന തെന്റെ കൃതിയിലൂടെ അതിന്റെ തത്വങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട് . സ്വാമികളുടെ താന്ത്രിക മേഖലയിലുള്ള വിജ്ഞാനം വെളിവാക്കുന്നത് ആണ് “ശ്രീചക്രപൂജാകല്പം” എന്ന കൃതി .അതിൽ യന്ത്ര ലേഖന വിധി ഉൾപ്പെടെ ശ്രീചക്രധിഷ്ഠിതമായി കാളീപൂജ ചെയ്യുന്ന രീതികളെ പ്രതിപാദിച്ചിരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് ശ്രീവിദ്യാ സമ്പ്രദായത്തിൽ ഉള്ള അറിവിനെ നമുക്ക് മനസിലാക്കി തരുന്നു …വിദ്യാധിരാജനെന്നും പരമ ഭട്ടാരകൻ എന്നും ഉള്ള വിശേഷണങ്ങൾക്ക് തികച്ചും യോഗ്യൻ , സർവ്വമത സാരസ്വം എന്ന കൃതിയാകട്ടെ എല്ലാ മത വിശ്വാസങ്ങളുടെയും അടിസ്ഥാന തത്വത്തിലൂന്നി അവയുടെ ഏക സ്വഭാവത്തെ സമർത്ഥിക്കുന്നു .
കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാന്ദൻ തന്നെ അക്കാലത്തു മലബാറിൽ (കേരളത്തിൽ ) ഞാൻ ഒരു മനുഷ്യനെ കണ്ടു എന്ന് പറഞ്ഞതും മറ്റാരെയും കുറിച്ചല്ല , ചട്ടമ്പി സ്വാമികൾ ആയിരുന്നു ആ മനുഷ്യൻ , ഒടുവിൽ ചിന്മുദ്രയുടെ തത്വാർത്ഥവും സ്വാമികളിൽ നിന്നും വിവേകാന്ദ സ്വാമികൾ മനസിലാക്കുകയുണ്ടായി .ബഹുമുഖ വ്യക്തിത്വമായാ സ്വാമികൾ കഷായം ധരിക്കാത്ത സന്യാസി ആയിരുന്നു , വെളുത്ത ഒരു ഒറ്റമുണ്ടു ഉടുത്തു തോർത്ത് പുതയ്ക്കുകയും കഴുത്തിലൊരു രുദ്രാക്ഷമാല അണിഞ്ഞിരുന്നതായും വലതു കയ്യിലെ ചൂണ്ടു വിരലിൽ ഒരു ഇരുമ്പു മോതിരം ധരിച്ചിരുന്നതായും ജീവ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . മഹാകവി ഉള്ളൂർ ചട്ടമ്പി സാമികളെ ‘നവീന ശങ്കരൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് .
സ്വാമികളുടെ എല്ലാ കൃതികളും വൈവിധ്യമാർന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഉദാരമായ സാമൂഹിക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് . ജന്മ സ്ഥാന ക്ഷേത്രത്തോടൊപ്പം പഠന ഗവേഷണ കേന്ദ്രം കൂടി സ്ഥാപിതമായത് മൂലം ഈ ഋഷി വര്യന്റെ ചിന്ത ധാരകളെക്കുറിച്ചും അതിന്റെ വിശാല അർത്ഥങ്ങളെ കുറിച്ചും വരും തലമുറയ്ക്ക് പഠിക്കുവാനും പ്രചരിപ്പിക്കാനും സഹായകമാവും എന്നതിൽ യാതൊരു സംശയവുമില്ല.
ശ്രീകാന്ത് വേളിക്കാട്ട്
(പ്രശസ്ത താന്ത്രികാചാര്യനും, പെരുന്ന ശ്രീപത്മനാഭ എൻ.എസ്.എസ്. തന്ത്ര വിദ്യാപീഠം പ്രഥമാചാര്യനുമായിരുന്ന പരേതനായ സ്വാമി .ഡോ. ബ്രഹ്മവിദ്യാനന്ദ ഭാരതി അവർകളുടെ ശിഷ്യനാണ് ലേഖകൻ )