ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി; 24 മണിക്കൂറിനുള്ളില്‍ 155 പരിശോധനകള്‍1 min read

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചെക്ക്‌പോസ്റ്റുകളില്‍ ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാല്‍, പാലുല്പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തില്‍ 17 സാമ്പിളുകളും പച്ചക്കറികളുടെ 8 സാമ്പിളുകളും സസ്യ എണ്ണയുടെ ഒരു സര്‍വൈലന്‍സ് സാമ്പിളും ശേഖരിച്ചിട്ടുണ്ട്. പാലിന്റെ 7 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ 6 മണിമുതലാണ് രാത്രിയും പകലും തുടര്‍ച്ചയായ പരിശോധനകള്‍ ആരംഭിച്ചത്. കുമളി, പാറശാല, ആര്യന്‍കാവ് , മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഓണ വിപണിയിലേക്കെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തില്‍ ശക്തമായ പരിശോധനയാണ് വകുപ്പ് നടപ്പാക്കുന്നത്. അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന തുടരുകയാണ്. ഇതുകൂടാതെ ഓണം വിപണിയിലെ പരിശോധനയും ശക്തമായി തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *