“നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, മാധ്യമങ്ങളെ വേണ്ടെന്ന് വച്ചിട്ടില്ല , സോളാർ വിഷയം മനഃപൂർവം ഉയർത്തികൊണ്ട് വന്നത്, മന്ത്രിസഭാ പുനസംഘടന മാധ്യമ സൃഷ്ടി” :മുഖ്യമന്ത്രി1 min read

19/9/23

തിരുവനന്തപുരം :നിപ വെെറസിനെ നേരിടാൻ എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രോഗവ്യാപനം തടയാൻ ഫലപ്രദമായ നടപടി തയാറാക്കിയെന്നും കൂടുതല്‍ പേരിലേയ്ക്ക് രോഗം പടര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സമ്പർക്ക പട്ടികയിൽ 1286 പേര്‍ ഉണ്ട്. ഇതില്‍ 118 പേ‌ര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 276 പേര്‍ ഹെെ റിസ്ക് കാറ്റഗറിയിലുണ്ട്. സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

“സോളാര്‍ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്, എന്തുകൊണ്ടാണ് കോണ്‍ഗ്രസ് പറഞ്ഞതില്‍ നിന്ന് പുറകോട്ട് പോകുന്നത്? ആരെയാണ് ചര്‍ച്ചകള്‍ ബാധിക്കുക? മുഖ്യമന്ത്രി പിണറായി വിജയനെയാണോ മരിച്ച ഉമ്മന്‍ചാണ്ടിയെയാണോ? ഗൂഢാലോചനയില്‍ ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അതില്‍ ചില സ്ഥാനങ്ങള്‍ക്ക് വേണ്ടിയും ഗൂഢാലോചനയുണ്ടായെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെന്നു. സോളാര്‍ ഗൂഢാലോചന ഞങ്ങളുടെ പെടലിക്ക് ഇടേണ്ട. എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആ നിലയ്ക്ക് വിഷയം ഉയര്‍ത്തുകയാണ് ചെയ്തത്. അതാണുണ്ടായത്’, മുഖ്യമന്ത്രി പ്രതികരിച്ചു.

മന്ത്രിസഭാ പുനഃസംഘടന മാധ്യമങ്ങളുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ പുനസംഘന എന്ന വിഷയം എല്‍ഡിഎഫിന് അകത്ത് ചര്‍ച്ചാവിഷയമല്ല. അങ്ങനൊരു വിഷയം ചര്‍ച്ച ചെയ്തിട്ടേയില്ല. അങ്ങനെയൊരു തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ ആ തീരുമാനം നടപ്പിലാക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ്. അത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെയുണ്ടായ പ്രത്യേക സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ ആ തിരഞ്ഞെടുപ്പിന് അതിന്റേതായ പ്രത്യേകതയുമുണ്ട്. അതാണ് പുതുപ്പള്ളിയില്‍ കാണാന്‍ സാധിച്ചത്. മാധ്യമങ്ങളെ ആവശ്യമുള്ളപ്പോല്‍ കാണുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ‘മാധ്യമങ്ങളെ വേണ്ടെന്ന് വെച്ചാല്‍ ഞാന്‍ വരുമോ, ഇടവേള വന്നത് ഇടവേള വന്നതുകൊണ്ടാണ്, ഒരു അസ്വാഭാവികതയുമില്ല. ആവശ്യമുള്ളപ്പോള്‍ മാധ്യമങ്ങളെ കാണാറുണ്ട്. ഇനിയും കാണും. എനിക്കെന്താ നിങ്ങളെ കാണുന്നതിന് പ്രശ്‌നം. ചോദ്യങ്ങളെ ഏതെങ്കിലുമിടത്ത് ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ?’, മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *