തിരുവനന്തപുരം :മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും സി പി ഐ എമ്മിന്‍റെ സമുന്നത നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ആ വിയോഗ വാര്‍ത്ത അറിഞ്ഞത് വേദനയോടെയാണ്. സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ആള്‍ എന്ന നിലയില്‍ വ്യക്തിപരമായ നഷ്ടം കൂടിയാണ് ബുദ്ധദേബിന്‍റെ വേര്‍പാട്.
വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ ഇന്നും തുടരുകയാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ശനിയാഴ്ച വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വയനാട് ദുരന്തം ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒമ്പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്.
അതിന്‍റെ ടീം ലീഡര്‍ ആയ കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി രാജീവ് കുമാര്‍ ഇന്ന് ഓഫീസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു.
സമഗ്രമായ പുനരധിവാസ പാക്കേജ് ആണ് നമ്മുടെ ആവശ്യം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണമാണ് ഇതുവരെ പൊതുവെ ഉണ്ടായിട്ടുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസത്തിനും ടൗണ്‍ഷിപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ഇവിടെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് വിശദമായ കത്ത് എഴുതിയിരുന്നു.
ഈ വലിയ ദൗത്യത്തിന് കേന്ദ്രം നല്‍കുന്ന എല്ലാ പിന്തുണക്കും സഹായത്തിനും കത്തിലൂടെ നന്ദി രേഖപ്പെടുത്തി.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 225 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. മേപ്പാടിയില്‍ നിന്ന് 148ഉം നിലമ്പൂര്‍ നിന്ന് 77ഉം മൃതദേഹങ്ങള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, വിവിധ ഇടങ്ങളില്‍ നിന്നായി മേപ്പാടിയില്‍ നിന്ന് 30, നിലമ്പൂര്‍ നിന്ന് 165 എന്നിങ്ങനെ 195 ശരീരഭാഗങ്ങളും കണ്ടെത്തി.
കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തില്‍ കുറഞ്ഞതാണെങ്കില്‍ അതിനെ ശരീരഭാഗമായാണ് കണക്കാക്കുക.
ഒരാളുടെ തന്നെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ ഭാഗങ്ങളും പ്രത്യേകമായി കിട്ടിയിട്ടുണ്ടാകാം. ഇതെല്ലാം ഇപ്പോള്‍ തിരിച്ചറിയുക പ്രയാസമാണ്. അതിനാല്‍ എല്ലാ ശരീര ഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം മുഴുവനും വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. പ്രദേശത്ത് നിന്ന് കാണാതായ 131 പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ല. തെരച്ചില്‍ പൂര്‍ണ്ണമായിട്ടില്ല.
അതില്‍ 225 മൃതദേഹങ്ങളും 195 ശരീര ഭാഗങ്ങളും ചേര്‍ത്ത് 420 പോസ്റ്റ് മാര്‍ട്ടങ്ങള്‍ നടത്തിക്കഴിഞ്ഞു. 7 ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും 2 ശരീര ഭാഗങ്ങളും ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളും ചേര്‍ത്ത് ആകെ 233 സംസ്കാരങ്ങളാണ് നടന്നത്.
ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലയില്‍ മേപ്പാടി 14 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 641 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണ് ഉള്ളത്.
ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാട്ടേഴ്സുകള്‍ ഉള്‍പ്പെടെ 91 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ലഭ്യമാക്കും.
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നാളെ ജനകീയ തെരച്ചില്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചില്‍ നടത്തുക.
ഇതിനകം സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇവിടങ്ങളില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ മേഖലകളിലെ സ്തുത്യര്‍ഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യന്‍ കരസേനാ, നാവിക സേനകളില്‍ ഒരു വിഭാഗം മടങ്ങി. മേജര്‍ ജനറല്‍ വി ടി മാത്യുവിന്‍റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണ് ദുരന്തമുഖത്തു നിന്ന് മടങ്ങിയത്. മറ്റ് സേനാവിഭാഗങ്ങള്‍ക്കൊപ്പം കാര്യക്ഷമമായ രീതിയിലുള്ള രക്ഷാതെരച്ചില്‍ ദൗത്യത്തിനു ശേഷമാണ് ഇവരുടെ മടക്കം. സൈന്യത്തിന്‍റെ ഭാഗമായുള്ള മിലിറ്ററി എഞ്ചിനീയറിംഗ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നിര്‍മിച്ച ബെയ്ലി പാലം ദൗത്യത്തില്‍ നിര്‍ണായകമായിരുന്നു.
മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുള്‍പ്പെട്ടതായിരുന്നു. അവിടെ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തില്‍ സൈന്യത്തിന് യാത്രയയപ്പ് നല്‍കി.
ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും ക്യാമ്പുകളില്‍ നിന്നുമുള്ള മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ശുചിത്വ മിഷന്‍റെ നേതൃത്ത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും മിഷനുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഏകോപനത്തിലൂടെയുമാണ് ഇത് സാധ്യമായത്.
ജൈവ അജൈവ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍, ശുചിമുറി മാലിന്യത്തിന്‍റെ ശാസ്ത്രീയ സംസ്കരണം, സാനിറ്ററി ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ സംസ്കരണം, ഹരിത ചട്ട പാലനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കിയാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നത്.
വയനാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് 110 ഓളം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ദിനംപ്രതി സേവനം നല്‍കുന്നു. ക്യാമ്പുകളിലും വിവിധ മേഖലകളിലുമായി 112 മാലിന്യ ശേഖരണ ബിന്നുകള്‍ സ്ഥാപിക്കുകയും ദുരന്ത മേഖലയിലും ക്യാമ്പുകളിലുമായി 46 ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കല്പറ്റ നഗരസഭയിലെ 10 കെ.എല്‍.ഡി കപ്പാസിറ്റിയുള്ള കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഉപയോഗിക്കപ്പെടുന്നു. അജൈവ മാലിന്യംശേഖരിക്കുന്നതിനായി 4 മിനി എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ജൈവ മാലിന്യ സംസ്കരണത്തിനായി കല്പറ്റ നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റ് സംവിധാനവും അജൈവ മാലിന്യ പരിപാലനത്തിനായി എം.സി.എഫ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു. ക്യാമ്പുകളിലെ ഖരദ്രവ മാലിന്യ സംസ്കരണത്തിനായി പുതിയ കമ്പോസ്റ്റ് പിറ്റുകളും സോക്ക് പിറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.
44.02 ടണ്‍ അജൈവ മാലിനവും, 9.9 ടണ്‍ ജൈവ മാലിന്യവും, 0.28 ടണ്‍ സാനിറ്ററി മാലിന്യവും, 2.6 ടണ്‍ ബയോ മെഡിക്കല്‍ മാലിന്യവും, 101.3 കിലോ ലിറ്റര്‍ ശൗചാലയ മാലിന്യവും 11.19 ടണ്‍ തുണിമാലിന്യവും ഇതിനോടകം ശാസ്ത്രീയമായി സംസ്കരിച്ചിട്ടുണ്ട്.
നിലവില്‍ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി സാധനങ്ങള്‍ ശേഖരിച്ച് അയക്കേണ്ടതില്ല. ആവശ്യത്തില്‍ കൂടുതലാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. പച്ചക്കറി, ബേക്കറി, മറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ പെട്ടെന്ന് നശിച്ചു പോകുന്നതുകൊണ്ട് ഇവയുടെ സൂക്ഷിപ്പും വിതരണവും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വയനാട്ടിലെ കളക്ഷന്‍ സെന്‍ററില്‍ എത്തിയ ഏഴു ടണ്‍ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. അതു മുഴുവനും സംസ്കരിക്കാനായി അയക്കേണ്ടി വന്നത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഉപകരിക്കാന്‍ ചെയ്തതാകാമെങ്കിലും ഈ പ്രവൃത്തി ഫലത്തില്‍ ഉപദ്രവകരമാവുകയാണുണ്ടായത്. നിലവില്‍ ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങളാണ് ഇനിവേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കുകയോ കളക്ടറേറ്റുകളില്‍ ചെക്ക് / ഡ്രാഫ്റ്റ് മുഖേനയോ ആവുകയോ നല്‍കാന്‍ കൂടുതല്‍ ആളുകള്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
*ദുരിതാശ്വാസ നിധി*
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നത്. ഇത്തരത്തില്‍ ലഭിച്ച സഹായങ്ങളില്‍ ചിലത് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൈമാറാന്‍ അദ്ദേഹം ഇന്ന് എത്തുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവുമായ എ കെ ആന്‍റണി 50,000 രൂപ നല്‍കിയിട്ടുണ്ട്. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
കഴിഞ്ഞ വാർത്താസമ്മേളനത്തില്‍ സി.എം.ഡി.ആര്‍.എഫിലേയ്ക്ക് 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകള്‍ സന്നദ്ധതയറിയിച്ച കാര്യം സൂചിപ്പിച്ചിരുന്നു. ദുരന്തത്തില്‍ നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ സന്നദ്ധരായി കേരളമാകെ ഒത്തു ചേരുന്നത് അഭിമാനകരമായ കാര്യമാണ്. ഈ ഉദ്യമത്തില്‍ ഏറ്റവും താല്പര്യത്തോടെ വയോജനങ്ങളടക്കം പങ്കു ചേരുന്നുണ്ട്. സ്വമേധയാ മുന്നോട്ടു വന്ന് സംഭാവന നല്‍കിയ പെന്‍ഷന്‍കാര്‍ അനേകമാണ്. സര്‍വീസില്‍ നിന്നും വിരമിച്ച എല്ലാവരും തങ്ങളാല്‍ കഴിയുന്ന വിധം സഹായം നല്‍കണം എന്ന അഭ്യര്‍ത്ഥിക്കുകയാണ്. ലഭിക്കുന്ന പെന്‍ഷനില്‍ നിന്നും ഒരു തുക ദുരന്തത്തിനു ഇരയായവരുടെ പുനരധിവാസത്തിനും ആ നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനുമായി മാറ്റിവയ്ക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. നാടിന്‍റെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചവരാണ് നിങ്ങള്‍. പ്രതിസന്ധിയുടെ ഘട്ടങ്ങളിലെല്ലാം നാടിനൊപ്പം നിന്നവരാണ്. ഈ ഘട്ടത്തിലും നിങ്ങളുടെ സജീവമായ പങ്കാളിത്തം പ്രതീക്ഷിക്കുകയാണ്.
*ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങള്‍*
എസ് എന്‍ ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 50 ലക്ഷം രൂപ.
കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് 50 ലക്ഷം രൂപ.
കെ ജി എം ഒ എ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു 25 ലക്ഷം രൂപ.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചു.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ.
തിരൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ.
ഐ എസ് ആര്‍ ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ 10 ലക്ഷം രൂപ.
കേരള സംസ്ഥാന ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഫോര്‍ ക്രിസ്റ്റ്യന്‍ കണ്‍വര്‍ട്ട്സ് ഫ്രം ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍റ് ദി റെക്കമെന്‍ഡഡ് കമ്മ്യൂണിറ്റിസ് 10 ലക്ഷം രൂപ.
നേമം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ.
അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് ആന്‍റ് എജുക്കേഷന്‍ സൊസൈറ്റി 10 ലക്ഷം രുപ.
കൈരളി സമാജം ഹൊസൂര്‍, കൃഷ്ണഗിരരി, തമിഴ്നാട് 10 ലക്ഷം രൂപ.
ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് 10 ലക്ഷം രൂപ.
മൂലന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍ സൊസൈറ്റി 10 ലക്ഷം.
റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം 5 ലക്ഷം രൂപ.
ഡോ. കെ ടി ജലീല്‍ എംഎല്‍എയും കുടുംബവും 5 ലക്ഷം രൂപ.
കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് 5 ലക്ഷം രൂപ.
കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ.
കേരള സ്റ്റേറ്റ് റൂട്ട്രോണിക്സ് 5 ലക്ഷം രുപ.
പന്തളം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ.
മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ 5 ലക്ഷം രൂപ.
യോഗ അസോസിയേഷന്‍ ഓഫ് കേരള മൂന്നു ലക്ഷം രൂപ.
ഗൗരീശപട്ടം റസിഡന്‍സ് അസോസിയേഷന്‍ 2,37,500 രൂപ.
ഞെക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്ലമ്പലം 2,14,365 രൂപ
തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ കുടുംബാംഗങ്ങള്‍ വ്യക്തിപരമായി നല്‍കിയ സംഭാവനകള്‍ക്ക് പുറമെ 2,17,001 രൂപ.
അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാല്‍ നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷിക തുകയായ രണ്ട് ലക്ഷം രൂപ.
കേരള പി എസ് സി എംപ്ലോയീസ് യൂണിയന്‍, സംസ്ഥാന കമ്മിറ്റി രണ്ട് ലക്ഷം രൂപ
ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ 1.42 ലക്ഷം രൂപ കൈമാറി. അവിടുത്തെ അധ്യാപകരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗായകന്‍ എം ജി ശ്രീകുമാര്‍ ഒരു ലക്ഷം രൂപ.
ഐ എം ജി ഡയറക്ടര്‍ കെ ജയകുമാര്‍ ഒരു ലക്ഷം രൂപ.
കേരളാ ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് കാസിം കോയ ഒരു ലക്ഷം രൂപ.
കെ എസ് ഇ ബി/ കെ എസ് എഫ് ഇ ജൂനിയര്‍ അസിസ്റ്റന്‍റ് റാങ്ക് ഹോള്‍ഡേഴ്സ് 1,28,763 രൂപ.
കേരള സ്റ്റേറ്റ് നാഷണല്‍ ആയുഷ് മിഷന്‍ എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍ 2 ലക്ഷം രൂപ.
പൂജപ്പുര ഉണ്ണി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 175,000.
രാജ രവിവര്‍മ്മ സെന്‍ട്രല്‍ സ്കൂള്‍ 1,11,111 രൂപ.
പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി വയനാട്ടില്‍ നിര്‍മ്മിക്കുന്ന വീടുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ കേരളത്തിലെ മുഴുവന്‍ ഫര്‍ണിച്ചര്‍ വ്യാപാരി – വ്യവസായികളുടെ സഹകരണത്തോടെ നല്‍കുമെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.