ശ്രീനാരായണ ഗുരുവിൻ്റെ മഹത്വത്തെ സമഗ്രതയിൽ കാണുന്ന സർക്കാരാണിത്: മുഖ്യമന്ത്രി പിണറായി വിജയൻ1 min read

 

തിരുവനന്തപുരം :ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച സന്ദേശങ്ങളുടെ മഹത്വം സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 136 മത് അരുവിപ്പുറം പ്രതിഷ്ഠ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരുവിൻ്റെ സന്ദേശങ്ങൾക്ക് ഈ കാലഘട്ടത്തിലുള്ള പ്രസക്തി ബോധ്യമുള്ളതിനാലാണ് ആദ്യമായി ഗുരു പ്രതിമ സ്ഥാപിച്ചത്. ഗുരുവിൻ്റെ പേരിൽ സർവ്വകലാശാല സ്ഥാപിച്ചു. മാറ്റിനിർത്തപ്പെട്ട വിഭാഗങ്ങൾക്ക് ക്ഷേത്രങ്ങളിൽ പൂജാരിമാരാകാം എന്ന് തെളിയിക്കപ്പെട്ടു. ഗുരുവിൻറെ പേരിൽ ആദ്യമായി സാംസ്കാരിക സമുച്ചയം ഉണ്ടായി. ജാതിയില്ല വിളംബരം മുതൽ ദൈവദശകം വരെയുള്ളവയുടെ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചു. സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ഗംഭീരമായി നടന്നു. ഗുരുവിന്റെ സന്ദേശങ്ങൾക്ക് നവ കേരള നിർമ്മിതിയിൽ വലിയ പങ്കുവഹിക്കാൻ ഉണ്ട്. പുരോഗമന പാരമ്പര്യത്തെ വെല്ലുവിളിക്കാൻ ചിലർ ശ്രമിക്കുന്ന കാലഘട്ടമാണ് ഇത്. അതിനു വഴങ്ങാതെ ശരിയുടെ പാതയിൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കുണ്ട്. നവോത്ഥാനത്തിന്റെ നേർവിപരീതമാണ് പുനരുജീവനം. നവോത്ഥാനം ജീർണ്ണം എന്ന് മനസ്സിലാക്കി കുഴിച്ചുമൂടിയ പലതും പുനരുജ്ജീവനം എന്ന പേരിൽ മണ്ണുമാന്തി പുറത്തുകൊണ്ടുവരുന്നുണ്ട്. കാലഹരണപ്പെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകുന്നു. ജാതിയുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ദുരുപയോഗിച്ച ഒരു നാടും രക്ഷപ്പെട്ടിട്ടില്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടത്തുന്ന മുതലെടുപ്പുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടത് വിശ്വാസികൾ തന്നെയാണ്. ഇതിനെതിരെയൊക്കെയുള്ള പ്രതിരോധത്തിന്റെ ഊർജ്ജമാണ് അരുവിപ്പുറം പ്രതിഷ്ഠയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സി.കെ ഹരീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം വിഎസ് ബിനു, അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, സാംസ്കാരിക വകുപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ.ബി മോഹൻ ദാസ്, പി.കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *