SSLC പരീക്ഷ ഇനി എളുപ്പമല്ല ;മിനിമം മാർക്ക് ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി1 min read

തിരുവനന്തപുരം :അടുത്ത വർഷം മുതല്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതോടെ പരീക്ഷ കൂടുതല്‍ കഠിനമാകും. ഇക്കാര്യത്തില്‍ വിശദമായ ചർച്ചകളും പഠനവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തര മൂല്യ നിർണ്ണയം, എഴുത്ത് പരീക്ഷ എന്നിവ രണ്ടും ചേർത്ത് ഒരു വിഷയത്തിന് ആകെ 30 ശതമാനം മാർക്ക് നേടിയാല്‍ മതി. അതായത് 100 മാർക്കിന്റെ പരീക്ഷയില്‍ വിജയിക്കാന്‍ നിരന്തര മൂല്യ നിർണയത്തിന്റെ 20 മാർക്കിനൊപ്പം കേവലം പത്ത് മാർക്ക് എഴുത്ത് പരീക്ഷയിലൂടെ എഴുതി നേടിയാല്‍ വിജയിക്കാന്‍ സാധിക്കും. ഈ സംവിധാനത്തിലാണ് അടുത്ത വർഷം മുതല്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നതെന്നാണ് എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

2025 ല്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ ഹയർസെക്കന്‍ഡറിയില്‍ നിലിവിലുള്ളത് പോലെ എഴുത്ത് പരീക്ഷയില്‍ പ്രത്യേക മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം എല്ലാവരോടുമായി ആലോചിച്ച്‌ തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കള്‍, അധ്യാപകർ , പണ്ഡിതന്മാർ എന്നിവരോട് ആലോചിച്ചാണ് തീരുമാനം. പുതിയ സംവിധാനത്തില്‍ പരീക്ഷയില്‍ വിജയിക്കുന്ന ഒരോ വിഷയത്തിനും എഴുത്ത് പരീക്ഷയില്‍ മാത്രം 30 ശതമാനം മാർക്ക് നേടിയിരിക്കണം

40 മാർക്കിന്റെ എഴുത്ത് പരീക്ഷ വിജയിക്കാന്‍ ഒരോ വിഷയത്തിന് 12 മാർക്കും 80 മാർക്കിന്റെ എഴുത്ത് പരീക്ഷ വിജയിക്കാന്‍ 24 മാർക്കും എഴുതി തന്നെ നേടിയിരിക്കണം. ഇതിന് പുറമേയായിരിക്കും നിരന്തര മൂല്യ നിർണ്ണയത്തിന്റെ മാർക്ക് ചേർക്കുക. പുതിയ സംവിധാനത്തെക്കുറിച്ച്‌ ചർച്ച ചെയ്യാന്‍ പ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ കോണ്‍ക്ലേവ് സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ദേശീയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *