53വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് 136പേർ ബിജെപിയിലേക്ക്1 min read

ആലപ്പുഴ :53വർഷത്തെ സിപിഎം ബന്ധം വിട്ടെറിഞ്ഞ് 136 പേർ ബിജെപിയിൽ.ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്യുകയുമായിരുന്നു. കൊടിമരം പൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗണ്‍സിലർ എത്തിയതോടെ സംഘർഷാവസ്ഥയുമുണ്ടായി‌.

എട്ടുമാസത്തോളം പരതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടർന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാല്‍ സാധനങ്ങള്‍ എത്തിക്കാനാകാതെ വീടുനിർമാണവും മുടങ്ങി. ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറി മുതല്‍ പാർട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നല്‍കിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകള്‍ ഇറങ്ങി കൊടിമരം വഴിയുടെ നടുവില്‍ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകള്‍ പിൻമാറിയില്ല

പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിൻ്റെ ഭാഗമായാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയില്‍ താല്‍ക്കാലികമായി സിപിഎം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ താല്‍ക്കാലിക കൊടിമരം കോണ്‍ക്രീറ്റ് ഇട്ട് സ്ഥിരമാക്കി.കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരം നില്‍ക്കുന്നതിനാല്‍ നിർമാണ വസ്തുക്കള്‍ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിർമാണം മുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്നത്തില്‍ വേണ്ട രീതിയില്‍ ഇടപെടാതെ വന്നതോടെ 53 വർഷമായി സി.പി.എം അനുഭാവികള്‍ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേരുകയായിരുന്നു.

പൊളിച്ച കൊടിമരം വഴിതടസപ്പെടാത്ത തരത്തില്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ചേർത്തല പൊലിസിൻ്റെ സാന്നിധ്യത്തില്‍ ഒത്തുതീർപ്പു ചർച്ചകള്‍ നടത്തിയാണ് കൊടിമരം വഴിയരികിലേക്ക് നീക്കിയത്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നത്തില്‍ പാർട്ടി നേതൃത്വം വേണ്ട രീതിയല്‍ ഇടപെടാതെ വന്നതോടെ ചേർത്തലയില്‍ സി.പി.എമ്മിന് വലിയ രാഷ്ട്രീയ നഷ്ടമാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *