AICC അംഗവും, മഹിളാ കോൺഗ്രസ്‌ നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ1 min read

തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, മുതിർന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു തങ്കമണി ദിവാകരൻ. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ. സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വിമുഖതയുണ്ടെന്ന് വിമർശിച്ചാണ് പാർട്ടി വിടുന്നതെന്ന് അവർ പ്രതികരിച്ചു.

27 വയസ് മുതല്‍ താൻ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകയാണ്. എന്നാല്‍, പാർട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു. സ്ത്രീകളെ ബഹുമാനിക്കാൻ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവർത്തിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

2011ല്‍ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയെങ്കിലും തങ്കമണി ദിവാകരൻ പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ 33943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാർത്ഥി ബി സത്യനാണ് അന്ന് ആറ്റിങ്ങലില്‍ നിന്ന് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1.14 ലക്ഷം വോട്ടില്‍ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു.

അതേസമയം, പാർട്ടി പ്രവർത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് തങ്കമണി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം നേരത്തേ പ്രതികരിച്ചത്. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖർ എത്തിയ ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. കോണ്‍ഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ആഴ്‌ചകള്‍ക്ക് മുമ്ബാണ് ബിജെപിയില്‍ ചേർന്നത് .പിന്നാലെ തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂർ സതീഷും ഉദയനും സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡന്റ് പത്മിനി തോമസും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *