തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്ന് അംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനർ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ലോകായുക്തയിലെ പരാതിക്കാരനായ ആർ.എസ്. ശശി കുമാർ മുഖ്യമന്ത്രി പിണറായി വിജയനെയും,ഒന്നാം പിണറായി സർക്കാരിലെ 17 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിർകക്ഷികളാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഫയൽ ചെയ്ത ഹർജിയിൽ സെപ്റ്റംബർ 24 ന് വാദം കേൾക്കാൻ ജസ്റ്റിസ് A. മുഹമ്മദ്മുസ്താഖ്, ജസ്റ്റിസ് S. മനു എന്നിവർ അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
2024 ജനുവരി 8 നാണ് മുഖ്യമന്ത്രി ഉൾപ്പെടെ 17 മുൻ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാൻ കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക്, കോടതി നിർദ്ദേശിച്ച പ്രകാരം ഹൈക്കോടതി രജിസ്ട്രാർ പ്രത്യേക കത്തെഴുതിയാണ് നോട്ടീസ് നൽകിയത്.
എന്നാൽ മന്ത്രിമാരായിരുന്ന മാത്യു ടി.തോമസ്, കെ. രാജു, ടി. പി. രാമകൃഷ്ണൻ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹർജ്ജിയിൽ വാദം കേൾക്കുന്നത് നീട്ടി വച്ചിരുന്നു.
എന്നാൽ കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഇവർ നാലു പേരും നോട്ടീസ് കൈപ്പറ്റിയതായി കണക്കാക്കി ഹർജ്ജിയിൽ വാദം കേൾക്കുവാൻ ഇന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോകയുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ മൂന്ന് അംഗബഞ്ച് പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് വീണ്ടും പരാതിയുടെ സാധുത പരിശോധിക്കാൻ മൂന്ന് അംഗ ബെഞ്ചിന് വിട്ടത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരന്റെ വാദം. ഉപലോകായുക്ത മാരായ രണ്ടുപേർ ഹർജിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ എംഎൽഎയുടെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തതും, ഓർമ്മക്കുറിപ്പുകൾ എഴുതിയതും നീതിന്യായപീഠത്തിന്റെ സത്യസന്ധതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയെന്നും ഈ സാഹചര്യത്തിൽ പരാതിക്ക് സാധുത(maintainability) യില്ലെന്ന ലോകായുക്തയുടെ വിധി റദ്ദാക്കി പുനർ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
മുൻ എൻ സി പി നേതാവായിരുന്ന അന്തരിച്ച ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സ്വർണ്ണ വായ്പയും വാഹന വായ്പയും അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ മരണപെട്ട സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ചട്ട വിരുദ്ധമായി മന്ത്രിസഭ അനുവദിച്ച താണ് പരാതിക്കാധാരം.
ഹർജ്ജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം കോടതിയിൽ ഹാജരായി.