5/6/23
തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ വാദം കേൾക്കുന്നത് ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് ജൂലൈ 10 ന് മാറ്റി.
ഹർജ്ജിക്കാരന്റെ അഡ്വക്കേറ്റ് പി. സുബൈർകുഞ്ഞിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റി വച്ചത്..
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹരൂൺ ഉൽ റഷിദ്, ജസ്റ്റിസ് ബാബു മാത്യു ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് അപേക്ഷ പരിഗണിച്ചത്.
ഹർജ്ജിയിൽ തുടർ വാദം കേൾക്കുന്നത് ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ചിന് വിട്ട നടപടി ചോദ്യം ചെയ്ത് ഫയൽ ചെയ്തിരിക്കുന്ന ഹർജ്ജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജൂൺ 7 ന് വാദം കേൾക്കുന്നതുകൊണ്ട് ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേൾക്കുന്നത് മാറ്റി വയ്ക്കണമെന്നതാണ് ഹർജ്ജിക്കാരനായ
R.S ശശികുമാറിന്റെ അപേക്ഷ.
എന്നാൽ ഹർജ്ജി പരിഗണിച്ച ഹൈക്കോടതി സ്റ്റേ അനുവദിക്കാത്തതുകൊണ്ട് കേസ് മാറ്റി വയ്ക്കുന്നത് സർക്കാർ അഭിഭാഷക അഡ്വ. പാതിരപ്പള്ളി കൃഷ്ണകുമാരി എതിർത്തു.
കേസ് മാറ്റിവയ്ക്കണമെന്ന ഹർജ്ജിക്കാരന്റെ അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കാൻ ശ്രമിക്കരുതെ ന്നായിരുന്നു ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമർശം.
ദുരിതാശ്വാസ നിധി യുടെ ദുരുപയോഗം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയിൽ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് പ്രസ്തുത വിഷയം വീണ്ടും അന്വേഷണത്തിന് മൂന്ന് അംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജ്ജിക്കാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.