എ ഐ ക്യാമറ കണ്ടെത്തുന്ന ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും1 min read

5/6/23

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന്മുതല്‍ എ.ഐ കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കും.

റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഈ വിഷയത്തില്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

നേരത്തെ മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. നിയമലംഘകര്‍ക്ക് ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. ഇന്ന് മുതല്‍ നിയമലംഘനം കാമറ പിടികൂടിയാല്‍ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമോ പോസ്റ്റലിലൂടെ ഇ-ചെല്ലാനോ എത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസച്ച്‌ തുടര്‍ നടപടികളിലേക്ക് കടക്കും.

പിഴകള്‍ ഇപ്രകാരം

ഹെല്‍മറ്റ് ഇല്ലാതെയുള്ള യാത്രകള്‍ക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ – 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കല്‍ – 5000 രൂപ

വാഹനമോടിക്കുമ്ബോഴുള്ള മൊബൈല്‍ ഉപയോഗം- 2000 രൂപ

അമിതവേഗം – 1500 രൂപ

സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവര്‍ത്തിച്ചാല്‍ 1000 രൂപ).

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാല്‍ 2 വര്‍ഷം തടവ് അല്ലെങ്കില്‍ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 3 മാസം തടവ് അല്ലെങ്കില്‍ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ മൂന്ന് മാസം തടവ് അല്ലെങ്കില്‍ 4000 രൂപ പിഴ

രണ്ടില്‍ കൂടുതല്‍ ആളുകളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ 1000 രൂപ

അനധികൃത പാര്‍ക്കിങ് -250

ഇ-ചലാനില്‍ പരാതിയുണ്ടെങ്കില്‍ എവിടെ അപ്പീല്‍ നല്‍കാം? എത്ര ദിവസത്തിനകം?

പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. ഇതടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയെക്കുറിച്ച്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിക്കഴിഞ്ഞു.

നിയമലംഘനങ്ങള്‍ കാമറക്കണ്ണില്‍പെട്ടാല്‍ പ്രധാന കണ്‍ട്രോള്‍ റൂമില്‍ നിന്ന് എല്ലാ ജില്ല ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമിലേക്കും ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യും. അവിടെ നിന്ന് നോട്ടീസ് തയാറാക്കി വാഹന ഉടമകള്‍ക്ക് നല്‍കുകയും ചെയ്യും. അതോടൊപ്പം തന്നെ വാഹന ഡാറ്റ ബേസില്‍ ഇ-ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വിസുകള്‍ എടുക്കുന്നതിനും ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാം.

ഇത്തരത്തില്‍ പിഴയീടാക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ പിഴക്കെതിരെ ജില്ല എൻഫോഴ്സ്മെന്‍റ് ആര്‍.ടി.ഒക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ചലാൻ ലഭിച്ച്‌ 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എൻഫോഴ്സ്മെന്റ് ആര്‍.ടി.ഒയ്‌‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈൻ സംവിധാനം രണ്ടുമാസത്തിനുള്ളില്‍ തയാറാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത്. വിവിധ ജില്ലകളിലെ എൻഫോഴ്സ്മെന്‍റ് ആര്‍.ടി.ഒമാരുടെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *