തിരുവനന്തപുരം :ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർ കക്ഷികളാക്കി ലോകയുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ ലോകായുക്തയുടെ മൂന്ന് അംഗ ബെഞ്ച് തിങ്കളാഴ്ച 2.30 പിഎം ന് വിധിപറയും.
2018 ലാണ് ഹർജ്ജി ഫയൽ ചെയ്തത്.
ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പുറപ്പെടുവിക്കാത്തതിനെതുടർന്ന് ഹർജ്ജി ക്കാരനായ R. S ശശികുമാർ ഹൈക്കോടതിയിൽ റിട്ട് ഹർജ്ജി ഫയൽ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് പരാ തിയിൽ തീരുമാനമെടുക്കുന്നത് മൂന്ന് അംഗ ബെഞ്ചിന് വിടുകയായിരുന്നു.
വിധിന്യായം പ്രഖ്യാപിക്കുന്നതിൽ ലോകയുക്തമാരിലുണ്ടായ അഭിപ്രായ ഭിന്നതമൂലമാണ് ഹർജ്ജി മൂന്ന് അംഗ ബെഞ്ചിന് വിട്ടത്.
2019ൽ ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് വിശദമായ വാദങ്ങൾക്ക് ശേഷം
പരാതിയുടെ സാധുത(മെയി ന്റ്നബിലിറ്റി)പരിശോധിച്ച ശേഷമാണ് പരാതിയിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
അതിനിടെ ഹർജ്ജിയിൽ വാദം കേട്ട രണ്ട് ഉപലോകയുക്തമാർ, ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതിയിലുൾപ്പെട്ട ചെങ്ങന്നൂർ MLA ആയിരുന്ന പരേതനായ
രാമചന്ദ്രൻ നായരുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് ഓർമ്മകുറിപ്പ് എഴുതുകയും ചെയ്തത് വിവാദമായി. ആയതിനാൽ അവരിൽ നിന്നും നിഷ് പക്ഷമായ വിധി ന്യായം പ്രതീക്ഷിക്കാനാവില്ലെന്നും അതുകൊണ്ട് വിധി പറയുന്നതിൽ നിന്നും രണ്ട് ഉപലോകയുക്തമാരും ഒഴിയണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ രണ്ട് മാസം മുൻപ് ലോകയുക്തയിൽ ഫയൽ ചെയ്ത ഇടക്കാല ഹർജ്ജിയും നാളെ കോടതി പരിഗണിക്കും. രജിസ്ട്രി, നമ്പർ നൽകാതെയാണ് പരാതി ലിസ്റ്റിൽ പെടുത്തിയിട്ടുള്ളത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുൺ അൽ റഷീദ്,ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ബാബു മാത്യു പി. ജോസഫ് എന്നിവരുടെ ഔദ്യോഗിക കാലാവധി ജനുവരിയിൽ അവസാനിക്കും.