11/6/23
തിരുവനന്തപുരം :കേരളത്തിലെ കോൺഗ്രസിൽ സമീപ കാലത്തുണ്ടായ പോരിൽ ചെന്നിത്തലക്ക് താക്കീത് നൽകി കോൺഗ്രസ് ഫൈറ്റെഴ്സ് എന്ന FB കൂട്ടായ്മ. വി ഡി സതീശനെതിരെ എ ഐ ഗ്രൂപ്പുകൾ ഒരുമിച്ച് നിന്ന് പൊരുതുന്ന കാഴ്ച്ചക്ക് പിന്നിൽ ചെന്നിത്തലയും, ചെന്നിത്തലക്ക് പിന്നിൽ എം എം ഹസനുമാണെന്നാണ് പോസ്റ്റ് കുറ്റപ്പെടുത്തുന്നത്.
കോൺഗ്രസ് ഫൈറ്റെഴ്സ് FB പോസ്റ്റ്
“ബഹുമാന്യനായ ശ്രീ.രമേശ് ചെന്നിത്തല അറിയാൻ,
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ താങ്കളെപ്പോലെ അവസരങ്ങൾ കിട്ടിയിട്ടുള്ള മറ്റൊരാളില്ല. മുഖ്യമന്ത്രി സ്ഥാനം മാത്രമാണ് അങ്ങേയ്ക്ക് ലഭിക്കാതെയുള്ള സുപ്രധാന സ്ഥാനം. തികച്ചും അർഹതപ്പെട്ടയാൾ എന്ന നിലയിൽ തന്നെയാണ് എല്ലാ സ്ഥാനങ്ങളും അങ്ങേയ്ക്ക് ലഭിച്ചതും. എല്ലാ സ്ഥാനങ്ങളോടും നീതി പുലർത്തിയ, തീർത്തും അഴിമതി രഹിതനായ താങ്കൾ എന്നെപ്പോലുള്ളവർക്ക് ഏറെ പ്രിയപ്പെട്ടവനുമാണ്.
പക്ഷേ,
താങ്കൾ ഇന്നെത്തിപ്പെട്ടു നിൽക്കുന്ന സങ്കേതത്തിൽ താങ്കളെ എത്തിച്ചത് താങ്കളുടെ മിത്രങ്ങളല്ല എന്നത് വ്യക്തം.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്.
രാസവള ശാലകളിൽ കിട്ടുന്ന ഒരു തരം കീടനാശിനിയുണ്ട്. അത് പ്രയോഗിച്ചാൽ പിന്നെ ആ സ്ഥലത്ത് അഞ്ചെട്ടു കൊല്ലത്തേക്ക് ഒരു പുല്ലു പോലും കിളിർക്കില്ല.
കോൺഗ്രസ് പാർട്ടി പല നിയോജക മണ്ഡലങ്ങളിലും പ്രയോഗിച്ച കീടനാശിനിയാണ് ശ്രീ.ഹസ്സൻ.
കഴക്കൂട്ടം, തിരു: നോർത്ത് , കായംകുളം. ഏറ്റവുമൊടുവിൽ ചടയമംഗലം. താരതമ്യേന സുശക്തമായ സംഘടനാ സംവിധാനമുണ്ടായിരുന്ന സ്ഥലങ്ങളെ മുച്ചൂടും നശിപ്പിച്ചിട്ടുള്ള വിദ്വാനാണിദ്ദേഹം. ഹസൻജി രണ്ടു തവണ MLA പദം അലങ്കരിച്ച
കഴക്കൂട്ടത്തെ വോട്ടറായ എനിക്ക് ഇദ്ദേഹത്തിന്റെ സൽപ്രവൃത്തികളെപ്പറ്റി ഒരുപാടുണ്ടു പറയാൻ.
ഏ. കെ. ആന്റണി വോട്ടുചെയ്യാൻ പോകുമ്പോൾ ഒപ്പം നടക്കുന്നതും ഗ്രൂപ്പ് ഉപജാപങ്ങളിലൂടെ സമർത്ഥരായ നേതാക്കളെ വെട്ടിയൊതുക്കലുമാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം.
ഗ്രൂപ്പ് രാഷ്ട്രീയം എന്ന ശാപം കോൺഗ്രസിൽ നില നിൽക്കേണ്ടത് ഹസ്സനെപ്പോലുള്ള മൂടില്ലാത്താളികളുടെ മാത്രം ആവശ്യമാണ്.
ഇന്ന് കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയം മാർക്ക് തിരുത്തലും ആൾമാറാട്ടവുമൊക്കെയാണ്. ഈയൊരു പേരു വച്ചാണ് എതിരാളികൾ കോൺഗ്രസിനെ പ്രതിരോധിക്കുന്നത്. ഈ സവിശേഷ അന്തരീക്ഷം നിലനിൽക്കുന്ന ഇന്നേ ദിവസം തന്നെ ഈ നാണം കെട്ട പണിക്ക് തെരഞ്ഞെടുത്ത താങ്കളോട് വിരോധം മാത്രമല്ല, സഹതാപവുമുണ്ട്.
അങ്ങയും മറ്റു ചിലരും ചേർന്ന് പുന:സംഘടന നടത്തിയതിന്റെ പരിണിത ഫലമായിരുന്നു കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവി. മോഷ്ടാക്കൾ വരെ KPCC ഭാരവാഹിയായ ജംബോ കമ്മിറ്റികളുടെ “മികവ് ” കൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതെന്നതാണ് വാസ്തവം.
കിറ്റിലും കോവിഡിലുമൊക്കെ ചാരി പരാജയത്തെ ലഘൂകരിക്കുന്നത് ഭക്ത ജനങ്ങൾ മാത്രമാണ്. കരകുളം കൃഷ്ണ പിള്ളയെപ്പോലുള്ള നാട്ടുരാജാക്കൻമാർ നടത്തിയ വീതം വയ്പിന്റെ ദുരന്തഫലമാണ് തിരുവനന്തപുരത്തെ പാർട്ടി അനുഭവിക്കുന്നത്.
തിരുവനന്തപുരത്തിന്റെ കുപ്രസിദ്ധ മുൻ മന്ത്രിയെപ്പോലുള്ളവർ അങ്ങയുടെ ക്യാമ്പ് വിട്ടുപോയെങ്കിൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത്. അതിനു പകരം ഏതു ചെകുത്താനെയും ഒപ്പം കൂട്ടും എന്ന നയം അങ്ങയെപ്പോലുള്ളവർക്ക് ഭൂഷണമല്ല.
പ്രതിപക്ഷ നേതാവെന്ന നിലയിൽ ഭരണപക്ഷം വല്ലാതെ ഭയക്കുന്നതു കൊണ്ടാണ് വി.ഡി.സതീശനെതിരേ വിജിലൻസ് അന്വേഷണമെന്ന ഓലപ്പാമ്പ് പ്രയോഗിക്കുന്നതെന്ന് കേരളം തിരിച്ചറിയുന്ന ദിവസം കൂടിയാണിന്ന്.
സമാനതകളില്ലാത്ത ദുർഭരണവും കൊള്ളയുമാണ് കേരളത്തിൽ നടമാടുന്നത്. ഈ സംസ്ഥാനം ഭരണക്കാർ വിറ്റു കാശാക്കുമോ എന്നു സന്ദേഹിക്കുന്നവർ സാധാരണക്കാർ മാത്രമല്ല.
വിദ്യാസമ്പന്നർ കൂടിയാണ്.
സമാന്തര പ്രതിപക്ഷ നേതാവ് എന്ന പ്രതിച്ഛായ താങ്കൾക്ക് ഭൂഷണമല്ല. നല്ല നിലയിൽ ആ സ്ഥാനം കൊണ്ടു നടന്നയാളാണ് താങ്കൾ.
പരാതികൾ ഉണ്ടാകും.
അത് പരിഹരിക്കാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങളുള്ളത് അറിയാത്തയാളല്ല താങ്കൾ.
എം.എം.ഹസ്സനോടൊപ്പം ഗ്രൂപ്പ് യോഗം ചേരേണ്ടയാളേയല്ല താങ്കൾ.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരൻ എന്നിവരോടൊപ്പം പ്രവർത്തിച്ചയാളാണ് താങ്കൾ .
ജി.കാർത്തികേയൻ എന്ന ധിഷണാശാലിയും,
എം.ഐ ഷാനവാസ് എന്ന രാഷ്ട്രീയ ചാണക്യനും താങ്കളുടെ ഉറ്റ സഹപ്രവർത്തകരായിരുന്നു.
താങ്കൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ” ആഭിജാത്യമുള്ള രാഷ്ട്രീയ നേതാവ് ” എന്ന സ്ഥാനം നിലനിർത്തുക എന്നതാണ് അങ്ങ് ചെയ്യേണ്ടത്.
ഇപ്പോൾ ചെയ്തു കൂട്ടുന്നത് അങ്ങയെ സംബന്ധിച്ച് വിനാശകരമാണെന്ന് വിനയത്തോടെ പറയട്ടേ.
കടപ്പാട് 🙏