27/8/22
തിരുവനന്തപുരം :സിപിഎം ജില്ലാകമ്മറ്റി ഓഫീസ് ആക്രമിച്ചവർ ബിജെപി -RSS ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.തിരുവനന്തപുരം കോർപറേഷനിലെ തർക്കങ്ങളുടെ പ്രതിഫലന മാണിതെന്നും, പിന്നിൽ ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതിരോധിക്കാനായി എകെജി സെന്ററിന് നേരെ പന്നി പടക്കം എറിഞ്ഞവര്‍ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നും വിവി രാജേഷ് ആരോപിച്ചു.
പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. സിപിഎമ്മിന്റെ കുല്‍സിത ശ്രമമാണ് നടക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി. ഇന്നലെ തിരുവനന്തപുരത്ത് എബിവിപി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും വിവി രാജേഷ് ആവശ്യപ്പെട്ടു.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പുലര്‍ച്ചെ രണ്ട് മണിക്കാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളില്‍ എത്തിയവര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാര്‍ വ്യക്തമാക്കി.കല്ലേറില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാട് സംഭവിച്ചു. അക്രമികള്‍ ബൈക്കില്‍ ഇരുന്നുകൊണ്ടു തന്നെ ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബൈക്കില്‍ ആറുപേരുണ്ടായിരുന്നുവെന്നാണ് സൂചന.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്കുണ്ടായ അക്രമണത്തിന് രണ്ടുമാസം തികയുന്ന വേളയിലാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടാകുന്നത്.