26/7/22
തിരുവനന്തപുരം :യൂ കെ യിലേക്ക് കടക്കാൻ ശ്രമിച്ച സി എസ് ഐ സഭാ ബിഷപ്പ് റസാലത്തെ ഇ ഡി തടഞ്ഞു.എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച ബിഷപ്പിനെ ഇ ഡി ചോദ്യം ചെയ്തു .
അതേസമയം ബിഷപ്പ് ധര്‍മരാജ് റസാലം ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് വിമതപക്ഷത്തിന്‍റെ തീരുമാനം. പരിശോധനയില്‍ ബിഷപ്പിന് എതിരെ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും ബിഷപ്പിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട് എന്നുമാണ് ബിഷപ്പ് അനുകൂലികള്‍ വാദിക്കുന്നത്. സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് യുകെയിലേക്ക് പോകുമെന്നും സഭാ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിശദമായ പരിശോധന തുടര്‍ന്നും ഉണ്ടാകും എന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്നലെ ആയിരുന്നു സിഎസ്‌ഐ സഭയുടെ ആസ്ഥാനത്ത് അടക്കം നാലിടങ്ങളില്‍ ഇഡി പരിശോധന നടത്തിയത്. സഭാ ആസ്ഥാനത്തെ പരിശോധന 13 മണിക്കൂറിലേറെ നീണ്ടു. കള്ളപ്പണം വെളുപ്പിച്ചെന്നും കാരക്കോണം മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങിച്ചെന്നുമുള്ള പരാതികളികളിലാണ് ഇ ഡി അന്വേഷണം
പരിശോധനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും ഇന്നലെ രാവിലെ മുതലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം പരിശോധന നടത്തിയത്. സഭാ സെക്രട്ടറി പ്രവീണ്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തും മുമ്ബേ തിരുവനന്തപുരം വിട്ടു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശ നാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇന്നലെ പുലര്‍ച്ചയോടെ നാല് സ്ഥലങ്ങളില്‍ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എല്‍ എം എസിലും (LMS), കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധന നടത്തിയത്
ഇഡി സംഘമെത്തുമ്ബോള്‍ ബിഷപ്പ് ധര്‍മരാജ് റസാലം സഭാ ആസ്ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെയായിരുന്നു പരിശോധന. എന്നാല്‍ സഭാ സെക്രട്ടറി പ്രവീണും കുടുംബവും കഴിഞ്ഞ രാത്രി തന്നെ തിരുവനന്തപുരം വിട്ടെന്നാണ് വിവരം. ഇയാള്‍ ചെന്നൈയിലേക്കോ, വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.
സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിഷപ്പ് യുകെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളില്‍ ബിഷപ്പും കൂട്ടരും പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ മോഹനന്‍ വി.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.
അതേസമയം എല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സഭാ വക്താവ് പ്രതികരിച്ചു. സെക്രട്ടറി പ്രവീണ്‍ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ തകര്‍ക്കാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നും ഫാദര്‍ സി.ആര്‍.ഗോഡ്‍വിന്‍ ആരോപിച്ചു.