വളരെ ചുരുക്കം ആളുകള്‍ മാത്രമാണു ഇന്നത്തെ സമൂഹത്തില്‍ മദ്യപിക്കാത്തവരായുള്ളത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ആവോളം അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് തന്നെ എടുത്തു പറയാം.
മദ്യപാനം ശീലമായിട്ടുള്ളവർ ഇത് ഒന്നു ശ്രദ്ധിച്ചോളൂ. ഗ്രീസിലെ കാവോസില്‍ ബാറുകളില്‍ നിന്നും ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കസ്റ്റമേഴ്സ് ബാക്കി വയ്ക്കുന്ന മദ്യം ഒരുമിച്ച് ചേര്‍ത്ത ശേഷം മറ്റ് കസ്റ്റമേഴ്സിന് വിളമ്പും . ഇൻഡിപെൻഡന്റ് പബ്ലിക് റവന്യൂ അതോറിറ്റി (എഎഡിഇ), ലോക്കല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ബാറുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഈ സ്ഥാപനങ്ങള്‍ നികുതി വെട്ടിക്കുകയും അനധികൃത മദ്യം വില്‍ക്കുകയും ചെയ്യുന്നതായുള്ള സംശയം ഉയര്‍ന്നിരുന്നു. പ്രശസ്തമായ ടൂറിസ്റ്റ് ഏരിയയിലുള്ള ബാറുകളാണ് സംശയത്തിന്റെ നിഴലിലായത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ആഗസ്ത് 30 മുതല്‍ സപ്തംബര്‍ ഒന്ന് വരെ ഈ പ്രദേശത്തെ വിവിധ ബാറുകളില്‍ സംഘം പരിശോധന നടത്തിയിരുന്നു. പിന്നാലെ, നിരവധി ബാറുകള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്.
കാവോസിലെ ചില ബാറുകളില്‍ AADE -യില്‍ നിന്നുള്ള ഏജന്റുമാരും പൊലീസുകാരും സാധാരണ ഒരു അന്വേഷണത്തിന് വേണ്ടിയാണ് എത്തിയത്. എന്നാല്‍, അവര്‍ അവിടെ കണ്ടെത്തിയ കാര്യങ്ങള്‍ തികച്ചും ഗൗരവമുള്ളതായിരുന്നു. നികുതി വെട്ടിച്ച അനേകം ബാറുകളുണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഗൗരവപൂര്‍ണമായി തികച്ചും അനാരോഗ്യകരമായ തരത്തില്‍ മദ്യം വിളമ്പുന്ന ബാറുകളും ഉണ്ടായിരുന്നു. അതാണ് അധികൃതരെ കൂടുതല്‍ ആശങ്കയിലാക്കുകയുണ്ടായത്.
അങ്ങനെ സംശയം തോന്നിയ മദ്യം പിടിച്ചെടുക്കുകയും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഓഫ് കെമിസ്ട്രിയിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അതില്‍ നിന്നുമാണ് കസ്റ്റമേഴ്സ് കുടിച്ച് ബാക്കി വരുന്ന മദ്യമെല്ലാം കൂടി ചേര്‍ത്ത് ഒരു പാത്രത്തിലാക്കുകയും പിന്നീട് അത് സംശയം തോന്നാത്ത വിധത്തില്‍ മറ്റ് കസ്റ്റമേഴ്സിന് വിളമ്പുകയുമാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെ പല ബാറുകള്‍ക്കും പൂട്ടുവീഴുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.