ഡൽഹി :അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ.
രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജ്‌രിവാൾ നടത്തിയത്. രണ്ടുദിവസങ്ങൾക്ക് ശേഷം താൻ മുഖ്യമന്ത്രി പദവി രാജിവെയ്ക്കുമെന്നാണ് അന്ന് കെജ്‌രിവാൾ പറഞ്ഞത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്.ഗവർണർ വി കെ സക്സേനയെ സന്ദർശിച്ച് കെജ്‌രിവാൾ രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.
എഎപി എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ നേതാക്കളും നിർദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.