മോദിയുടെ സര്‍ട്ടിഫിക്കറ്റ്കാര്യം : കേജ്‌രിവാളിന് തിരിച്ചടി1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി.

കേജ്‌രിവാളിനെതിരെയുള്ള മാനനഷ്ടക്കേസ് നടപടികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ ഇല്ല. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതിയും തള്ളിയിരുന്നു. ആഗസ്റ്റ് 29ന് ഗുജറാത്ത് ഹൈക്കോടതി വീണ്ടും വിഷയം പരിഗണിക്കുന്ന സാഹചര്യം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്.വി.എൻ ഭട്ടിയും പരിഗണിച്ചു. അന്ന് ഹൈക്കോടതിയില്‍ നിന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് വിശ്വാസവും പ്രകടിപ്പിച്ചു. ഗുജറാത്ത് സര്‍വകലാശാല അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി തയ്യാറായിരുന്നില്ല. ഗുജറാത്ത് സര്‍വകലാശാല സമര്‍പ്പിച്ച മാനനഷ്‌ടക്കേസില്‍ അഹമ്മദാബാദിലെ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി കേജ്‌രിവാളിന് സമൻസ് അയച്ചിരുന്നു.

 സര്‍വകലാശാലയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ കേജ്‌രിവാളിന് കൈമാറാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ കേജ്‌രിവാള്‍ നടത്തിയ പ്രസ്‌താവനയാണ് നിലവിലെ മാനനഷ്‌ടക്കേസിന് അടിസ്ഥാനമായുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *