11/5/23
ഡൽഹി :ക്രമസമാധാനം ഒഴിച്ച് മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് സുപ്രീം കോടതി വിധി.
ഏറെ നാളുകളായി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ നടന്നുവന്ന ഏറ്റുമുട്ടലില്‍ സുപ്രീം കോടതി ഇതോടെ വ്യക്തത വരുത്തിയിരിക്കുകയാണ്.
നിയമസഭയുടെ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളില്‍ മാത്രമെ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ളു എന്നും സുപ്രീം കോടതി വിധിച്ചു. അധികാരമില്ലാത്ത ഒരു നിയമസഭ അര്‍ത്ഥവത്തല്ല എന്നും കോടതി നിരീക്ഷിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്‍റെ ആശയങ്ങളെ തന്നെ ഇല്ലാതാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണറെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നു എന്ന പരാതിയുമായി ഡല്‍ഹി സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെ മറികടന്ന് റദ്ദാക്കുന്നതടക്കം ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു എന്നും ഫയലുകളില്‍ സമയബന്ധിതമായി തീരുമാനമെടുക്കാതെ ഭരണ നിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ പരാതികള്‍ പരിഗണിച്ച സുപ്രീം കോടതി അധികാരത്തെ സംബന്ധിച്ച കൃത്യമായ വേര്‍തിരിവാണ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനമായതിനാല്‍ ഡല്‍ഹിയിലെ പൊലീസിന്‍റെ ചുമതലയും പൊതു ഉത്തരവുകള്‍ ഇറക്കാനുള്ള അധികാരവും ലഫ്റ്റനന്‍റ് ഗവര്‍ണറില്‍ നിക്ഷിപ്തമാണ് എന്ന് കോടതി വ്യക്തമാക്കി. ബാക്കി എല്ലാ അധികാരങ്ങളും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്കു തന്നെയാണ് കൂടുതല്‍ അധികാരം എന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.