തിരുവനന്തപുരം :പിഎച്ച്. ഡി. വിദ്യാർത്ഥികളുടെ ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് 20/12/2024ന് കേരള സർവകലാശാല പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്കോളേർസ് ഓർഗനൈസേഷൻ(ഡി. ആർ. എസ്. ഒ.) സംസ്ഥാന കൺവീനർ അജിത് മാത്യു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ, റിസർച്ച് ഫീ, പ്രീ-സബ്‌മിഷൻ, ഓപ്പൺ ഡിഫെൻസ്, തീസിസ് സബ്‌മിഷൻ എന്നീ സേവനങ്ങൾക്ക് യഥാക്രമം 45%, 58%, 27%, 43%, 36% ആണ് വർദ്ധനവ്. പാർട്ട്-ടൈം ഗവേഷകരുടെ ഫീസിലും, റിസർച്ച് സെന്റർ അഫീലിയേഷൻ ഫീസിലും, മറ്റിനങ്ങളിലുമുള്ള ഫീസുകളിലും വൻവർദ്ധനവാണുള്ളത്. ഗവേഷണത്തിന് ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിനും, ഗവേഷണവുമായി ബന്ധപ്പെട്ട യാത്രകൾക്കും, പുസ്തകങ്ങൾക്കും, കോൺഫറൻസ്, സെമിനാർ തുടങ്ങിയ ആവശ്യകതകളും, മറ്റ് ജീവിത ചിലവുകളും വളരെ പരിമിതമായ ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് ഗവേഷകർ നടത്തിവരുന്നത്. വളരെ തുച്ഛമായ ഫെല്ലോഷിപ്പോടുകൂടി ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മേൽ ഇത്തരത്തിലുള്ള ഫീസ് വർദ്ധനവുകൾ ഇരട്ടിപ്രഹരമാണ് സൃഷ്ടിക്കുക. കൂടാതെ ഇ-ഗ്രാന്റ്സ് ഫെല്ലോഷിപ്പ് മാസങ്ങളായി മുടങ്ങുന്നു, മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് പോലുള്ള സ്കീംമുകൾ നിർത്തലാക്കി, യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പുകളും വൈകുന്നു, വർധിച്ചു വരുന്ന ജീവിത ചിലവുകൾക്കനുസരിച്ചുള്ള വർദ്ധനവ് ഫെല്ലോഷിപ്പിൽ ഉണ്ടാകുന്നില്ല. ഇ-ഗ്രാന്റ്സ് ഉൾപ്പടെയുള്ള ഫെല്ലോഷിപ്പ് മുടങ്ങുന്നതിനേത്തുടർന്ന് ഗവേഷണം പാതിവഴിയിൽ ഉപേക്ഷിക്കാൻ ഗവേഷകർ നിർബന്ധിതരാകുന്നു. ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി മറ്റു ജോലികളിൽ കൂടി പണം കണ്ടെത്തേണ്ടതായ ഗതികേടിലാണ് ഗവേഷകർ. സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന ഗവേഷണത്തെയും ഗവേഷകരെയും നിലനിർത്തേണ്ട ഉത്തരവാദിത്വം സമൂഹത്തിനും, അതിനെ നയിക്കുന്ന സർക്കാരിനുമാണ്. ദേശീയ വിദ്യാഭ്യാസ നയം (എൻ. ഇ. പി.)2020 നിർദ്ദേശിക്കുന്നത് സർവകലാശാലകൾ അവരുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സ്വയം കണ്ടെത്തണമെന്നുള്ളതാണ്. അതിനുള്ള മാർഗമായി അവലംബിക്കുന്നത് വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിക്കുകയെന്നതാണ്.
എൻ. ഇ. പി. 2020 മുൻപോട്ട് വയ്ക്കുന്ന ഈ വിദ്യാഭ്യാസ വിരുദ്ധ സമീപനത്തെ പൂർണമായും സംസ്ഥാന സർക്കാരും, കേരള യൂണിവേഴ്സിറ്റി ഉൾപ്പടെയുള്ള മറ്റു യൂണിവേഴ്സിറ്റികളും അംഗീകരിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. സർവ്വകലാശാല നേരിടുന്ന സാമ്പത്തിക പരാധീനതകൾ മറികടക്കേണ്ടത് സർക്കാർ ഗ്രാന്റുകൾ കൂടുതൽ അനുവദിച്ചുകൊണ്ടാകണം, ഗവേഷകരെ പിഴിഞ്ഞുകൊണ്ടാകരുത്. ഗവേഷകവിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും, ഗവേഷകർക്ക് വർധിച്ചു വരുന്ന ജീവിതചിലവുകൾക്ക് പര്യാപ്തമായ തരത്തിൽ ഫെല്ലോഷിപ്പ് ഉയർത്തണമെന്നും ഡി ആർ എസ് ഒ സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.