കേരള ഐക്യ വൈദിക സെമിനാരിയുടെ 80-ാം വാർഷികാഘോഷം 22 മുതൽ1 min read

 

സി.എസ്.ഐ സഭയുടെ കേരളത്തിലെ ഏക വൈദിക സെമിനാരിയായ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയുടെ 80-ാം വാർഷികാഘോഷവും സെനറ്റ് ഓഫ് സെറാംപൂർ സർവകലാശാലയുടെ ബിരുദദാന ചടങ്ങും 22 മുതൽ 26 വരെ കണ്ണമൂല സെമിനാരി ക്യാംപസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ റവ.ഡോ.സി.ഐ.ഡേവിഡ് ജോയ് അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാമത് ബിരുദദാന ചടങ്ങിന് 30 വർഷത്തിന് ശേഷമാണ് കെ.യു.റ്റി. സെമിനാരി ആതിഥേയത്വം വഹിക്കുന്നത്.

ഇതോടനുബന്ധിച്ച് പുസ്തകോത്സവം, സഭാപുരോഹിതരുടെ വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, വീട്ടിൽ തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപനയും 22 മുതൽ 26 വരെ നടക്കും. 23 ന് വൈകിട്ട് 6 ന് 80-ാം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കും. സുവനീർ പ്രകാശനം, കെ.യു.റ്റി. സെമിനാരി വിദ്യാർത്ഥികളുടെ ഫ്യൂഷൻ മ്യൂസിക്, തിരുവല്ല സിഎസ്ഐ വി.എച്ച്.എസ്. സ്കൂൾ കുട്ടികളുടെ നൃത്തം, ആറ്റിങ്ങൽ സിഎസ്ഐ ഡബ്ല്യുഎഫ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ സംസ്കാരിക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങിയവ ഇതോടനുബന്ധിച്ച് നടക്കും.

24 ന് വൈകിട്ട് 6 ന് സെനറ്റ് ഓഫ് സെറാംപൂർ സർവകലാശാല ബോർഡ് അംഗങ്ങൾക്കും പ്രതിനിധികൾക്കും സ്വാഗതമേകുന്ന ചടങ്ങ് നടക്കും. കെ.യു.റ്റി. സെമിനാരി പ്രിൻസിപ്പൽ റവ.ഡോ.സി.ഐ.ഡേവിഡ് ജോയ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെറാംപൂർ കോളെജ് പ്രസിഡന്റ് ബിഷപ്പ് ഡോ.സക്കറിയാസ് മാർ അപ്രേം, സെറാപൂർ കോളെജ് രജിസ്ട്രാർ റവ.ഡോ.ലിമാറ്റുല ലോംഗ്കുമെർ, കെ.യു.റ്റി.എസ് വൈസ് പ്രസിഡന്റ് ബിഷപ്പ് റവ.ഡോ. റോയ്സ് മനോജ് വിക്ടർ എന്നിവർ മുഖ്യ അതിഥികളായിരിക്കും. തുടർന്ന് സെമിനാരി ചരിത്രം ഉൾക്കൊള്ളിച്ചുള്ള പരിപാടി, ശ്രീചിത്ര ഹോം അന്തേവാസികളുടെ നൃത്തം തുടങ്ങിയവ നടക്കും.

25 ന് രാവിലെ 8.30 ന് മിഷനറിമാരെയും സെമിനാരി സ്ഥാപിച്ചവരെയും നേതൃത്വം നൽകിയവരെയും സ്മരിച്ച് പ്രത്യേക ശുശ്രൂഷ നടക്കും. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി റിട്ട. പ്രൊഫസർ ഫാ.ഡോ.കെ.എം.ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ ജർമനിയിലെ എക്യുമിനിക്കൽ മിഷൻ സെക്രട്ടറി ഡോ.സിൽജ ഡെഷ് മുഖ്യാതിഥിയായിരിക്കും. ബിഷപ്പ് ഡോ. അനിൽകുമാർ ജോൺ സെർവന്ത്, ബിഷപ്പ് ഡോ.സക്കറിയാസ് മാർ അപ്രേം തുടങ്ങിയവർ ആശംസകളർപ്പിക്കും. സെറാംപൂർ സർവകലാശാലയുടെ കീഴിലുള്ള 65 കോളെജുകളിലെ വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങിൽ പങ്കെടുക്കും. ബിരുദത്തിന് അർഹരായ മണിപ്പൂരിലെ കുക്കി, മെയ്തെയ് വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ റവ.ഡോ.സി.ഐ.ഡേവിഡ് ജോയ് പറഞ്ഞു.

യു.ജി.സി അംഗീകാരമുള്ള പശ്ചിമ ബംഗാളിലെ സെറാംപൂർ സർവകലാശാലയുമായി ചേർന്നാണ് സെമിനാരി പ്രവർത്തിക്കുന്നത്. ലണ്ടൻ മിഷനറി സൊസൈറ്റി, ചർച്ച് മിഷനറി സൊസൈറ്റി, ബാസൽ മിഷൻ, ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ, മലങ്കര മാർത്തോമ്മാ സുറിയാനി ചർച്ച് എന്നീ മിഷനറി സൊസൈറ്റികൾ ചേർന്ന് 1943 ലാണ് കേരള ഐക്യ വൈദിക സെമിനാരിക്ക് തുടക്കമിട്ടത്. വിദേശ മിഷണറി റവ.ഡോ.ഹെൻട്രി സി. ലെഫെവർ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ.

കേരളത്തിലെ സി.എസ്.ഐ മഹായിടവകകളായ ദക്ഷിണ കേരള, കൊല്ലം-കൊട്ടാരക്കര, കിഴക്കൻ കേരള, കൊച്ചി, മധ്യ കേരള, മലബാർ എന്നിവ സംയുക്തമായാണ് ഭരണ നിർവഹണം നടത്തുന്നത്. സി എസ് ഐ സഭാംഗങ്ങൾക്ക് പുറമേ മാർത്തോമ, ഓർത്തഡോക്സ്, യാക്കോബായ, ലൂഥറൻ തുടങ്ങി വിവിധ സഭകളിലെ മുന്നൂറോളം വിദ്യാർത്ഥികൾ സെമിനാരിയിൽ പഠിക്കുന്നതായി പ്രിൻസിപ്പൽ റവ.ഡോ.സി.ഐ.ഡേവിഡ് ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *