ന്യൂ ഡല്‍ഹി: പൈലറ്റുമാരും ക്രൂ അംഗങ്ങളും പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA).
വിമാനയാത്രയ്ക്ക് മുന്നോടിയായി ജീവനക്കാര്‍ നിര്‍ബന്ധമായും വിധേയമാകേണ്ട ബ്രീത്ത്ലൈസര്‍ ടെസ്റ്റില്‍ (മദ്യപാന പരിശോധന) തെറ്റായ ഫലം ലഭിക്കാൻ ഇത് ഇടയാക്കും എന്നതിനാലാണ് നിര്‍ദ്ദേശം. മൗത്ത് വാഷ്, ടൂത്ത് ജെല്‍, പെര്‍ഫ്യൂം, ആല്‍ക്കഹോള്‍ അടങ്ങിയ മറ്റ് ഉത്പന്നങ്ങള്‍ എന്നിവ പൈലറ്റുമാര്‍ ഉപയാഗിക്കാൻ പാടില്ല എന്നതാണ് പുതിയ നിർദ്ദേശം.
ചില പെര്‍ഫ്യൂമുകളില്‍ 95% വരെ മദ്യത്തിന്റ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. പെര്‍ഫ്യൂമുകളിലെ കണ്ടന്റുകള്‍ നേര്‍പ്പിക്കാൻ വേണ്ടിയാണ് കൂടിയ അളവില്‍ മദ്യം ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ നിര്‍ദ്ദേശം. അതേസമയം ഇത് കരട് നിര്‍ദ്ദേശം മാത്രമാണെന്നും അഭിപ്രായങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ നിയമമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുള്ളത്.
വിമാനജീവനക്കാര്‍ മദ്യപാന പരിശോധനയില്‍ പോസിറ്റീവായാല്‍ കനത്ത നടപടിയാണ് പൊതുവെ സ്വീകരിക്കാറുള്ളത്. 2022-ലെ കണക്ക് പ്രകാരം 41 ഇന്ത്യൻ പൈലറ്റുമാരുടെയും 116 കാബിൻ ക്രൂവിന്റെയും ലൈസൻസ് താത്കാലികമായി റദ്ദാക്കിയിരുന്നു. നിലവിലെ സുരക്ഷാനിയമങ്ങള്‍ പ്രകാരം ജീവനക്കാരുടെ ഷിഫ്റ്റിന്റ തലേദിവസം രാത്രി മദ്യപിക്കാൻ പാടുള്ളതല്ല. മദ്യപിച്ച് 12 മണിക്കൂര്‍ പിന്നിട്ടാല്‍ മാത്രമേ ശരീരത്തിലെ ആല്‍ക്കഹോളിന്റെ അളവ് പൂജ്യത്തിലെത്തുകയുള്ളൂ. ശരീരത്തില്‍ നേരിയ അളവിലെ മദ്യത്തിന്റ സാന്നിധ്യം പോലും വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ഇത്തരം കര്‍ശന നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുള്ളത്.