9/8/23
കൊച്ചി :മലയാളത്തിലെ മെഗാ സംവിധായകൻ സിദ്ദിഖിന് വിട നൽകി കലാ കേരളം . എറണാകുളം സെൻട്രല്‍ ജുമാ മസ്ജിദില്‍ ഭൗതിക ശരീരം ഖബറടക്കി. വീട്ടില്‍ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നല്‍കിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെൻട്രല്‍ ജുമാ മസ്ജിദിലേയ്ക്ക് എത്തിച്ചു.
നിസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. ഇന്നലെ രാത്രി 9.02ന് അമൃത ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയ സംവിധായകന്റെ അന്ത്യം. 67 വയസായിരുന്നു.
ന്യുമോണിയയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കരള്‍ രോഗവും മൂര്‍ച്ഛിച്ചു. അസുഖം കുറഞ്ഞതിനാല്‍ അഞ്ചു ദിവസം മുമ്ബ് ഐ.സി.യുവില്‍ നിന്ന് മാറ്റിയിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. മകളുടെ കരള്‍ നല്‍കാനായിരുന്നു ആലോചന. അതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥിതി വഷളാക്കി. വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. വൃക്കയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന എക്മോ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.
എറണാകുളം മാര്‍ക്കറ്റിലെ മുസ്ളിം സ്കൂള്‍ ജീവനക്കാരനായിരുന്ന പുല്ലേപ്പടി സി.പി.ഉമ്മര്‍ റോഡില്‍ കുറുപ്പംവീട്ടില്‍ പരേതരായ ഹാജി ഇസ്മായില്‍ റാവുത്തറിന്റെയും സൈനബയുടെയും എട്ടു മക്കളില്‍ രണ്ടാമനാണ്. മുറപ്പെണ്ണായ സാജിതയാണ് ഭാര്യ. മക്കള്‍: സുമയ്യ, സാറ, സുകൂൻ. മരുമക്കള്‍: നജീല്‍ മെഹര്‍, ഷെഫ്പിൻ, സഹോദരങ്ങള്‍: സലാവുദീൻ, അൻവര്‍, സാലി, സക്കീര്‍, മുത്തുമ്മ, ജാസ്മിൻ