തിരുവനന്തപുരം :ഇന്ത്യൻ ഭരണഘടനയുടെ കോപ്പികൾ വീടുകളിലെത്തിച്ച് ജില്ലയിലെ എല്ലാ ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുന്നതടക്കമുള്ള നിരവധി വികസന – ക്ഷേമപദ്ധതികളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. ദേശീയ – അന്താരാഷ്ട്ര ശ്രദ്ധ നേടി മുൻകാലങ്ങളിലെ ക്ഷേമ പദ്ധതികൾ നിലനിറുത്തിയും പുതിയ കാലത്തെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന പദ്ധതികൾ ഉൾപ്പെടുത്തിയുമാണ് വാർഷിക ബജറ്റ് തയാറാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ പറഞ്ഞു. കാർഷിക, ക്ഷീര, പരമ്പരാഗത, വ്യാവസായിക മേഖലകളിൽ പ്രത്യേക പദ്ധതികൾ തയാറാക്കുകയും ആരോഗ്യ – വിദ്യാഭ്യാസ മേഖലയ്ക്ക് ജനപിന്തുണ ഉറപ്പുവരുത്താൻ സഹായകമായ വിഹിതം അനുവദിക്കുകയും ചെയ്തിട്ടുള്ളതായി ബജറ്റ് അവതരിപ്പിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം പറഞ്ഞു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മാത്രമാകരുത് വികസനത്തിന്റെ അളവുകോൽ. മനുഷ്യൻ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഭാഗമാണെന്നതിനാൽ പാരിസ്ഥിതിക ഘടകങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണിതെന്നും അവർ കൂട്ടിച്ചേർത്തു. 837.04 കോടിയുടെ വരവും 833.23 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 3.80 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
*ഭരണഘടനാ സാക്ഷരത*
ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. രാജ്യം റിപ്പബ്ലിക്കായതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന 2025 ജനുവരി 26ന് മുമ്പ് ജില്ലയിലെ മുഴുവൻ ജനങ്ങളെയും ഭരണഘടനാ സാക്ഷരർ ആക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്തു. എല്ലാ വീടുകളിലും ഭരണഘടനയുടെ കോപ്പികളെത്തിച്ച് ജനങ്ങളെ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
*എൽ.പി – യു.പി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം, വിദ്യാഭ്യാസത്തിന് 14 കോടി*
ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള ഹൈസ്‌കൂളുകളിലെ എൽ.പി – യു.പി ക്ലാസുകളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനുള്ള പദ്ധതിക്കായി 1.75 കോടി രൂപയുൾപ്പെടെ വിദ്യാഭ്യാസ മേഖലയ്ക്ക് 14 കോടി രൂപയാണ് വകയിരുത്തിയത്.
*ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി സ്‌കൂളുകളിൽ നടപ്പിലാക്കിയ ഗോടെക് പദ്ധതിക്ക് 25 ലക്ഷം രൂപ
*സ്‌കൂൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള ഗ്രന്ഥപ്പുരയ്ക്കായി 1.16 കോടി രൂപ
*സ്‌കൂളുകളിൽ ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നതിനും തിരഞ്ഞെടുത്ത ഒരു സ്‌കൂളിൽ ഓഡിയോ വിഷ്വൽ സൗകര്യത്തോടു കൂടിയ മൾട്ടി മീഡിയ ലൈബ്രറി സ്ഥാപിക്കുന്നതിനും 50 ലക്ഷം രൂപ
*സ്‌കൂളുകളിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുന്നതിന് 2.12 കോടി
*സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള നാപ്കിൻ വൈൻഡിംഗ് ആന്റ് ഡിസ്ട്രോയർ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ
*സ്‌കൂളുകളിൽ ഫർണിച്ചർ വാങ്ങാൻ 1.5 കോടി
*സ്‌കൂ ഫേ*
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ, ലഘുഭക്ഷണ പാനീയങ്ങൾ എന്നിവ സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ തന്നെ ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വിപണന കിയോസ്‌കുകൾ സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചു.
*സാന്ത്വന പരിചരണത്തിന് ആയുർ സാന്ത്വനം, ആരോഗ്യ മേഖലയ്ക്ക് 11.60 കോടി*
സമൂഹത്തിൽ ആലംബഹീനരായ വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും സാന്ത്വന പരിചരണത്തിനുമായി ആയുർവേദ ചികിത്സാ സൗകര്യം വീടുകളിൽ ലഭ്യമാക്കാനുള്ള ആയുർ സാന്ത്വനം പദ്ധതിക്കായി 75 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കി ഗ്രാമീണ ജനതയ്ക്ക് നൂതനവും അത്യാധുനികവുമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള വിവിധ പദ്ധതികൾക്കായി ആരോഗ്യ മേഖലയ്ക്ക് 11.60 കോടി രൂപയാണ് വകയിരുത്തിയത്.
*കുട്ടിക്കാലത്ത് തന്നെ ഓട്ടിസമടക്കമുള്ള രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കാൻ കമ്യൂണിറ്റി ഏർളി ഇന്റർവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ 50 ലക്ഷം രൂപ
*സ്നേഹധാര പദ്ധതിക്ക് 75 ലക്ഷം
*നിർധനരായ രോഗികൾക്ക് ഡയാലിസിസ് ലഭ്യമാക്കുന്ന ആശ്വാസ് പദ്ധതിക്ക് 90 ലക്ഷം
*കരൾ – വൃക്ക രോഗികൾക്ക് മരുന്ന് വാങ്ങാൻ 70 ലക്ഷം രൂപ
*ജില്ലാ പഞ്ചായത്തിന് കീഴിലെ ആറ് ആശുപത്രികളിലെ ദൈനംദിന ചെലവുകൾക്കും വികസനത്തിനും 5.21 കോടി രൂപ
*പട്ടികജാതി – പട്ടികവർഗ വികസനം*
*പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് 23.72 കോടി
*പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറി പ്രോജക്ടിന് 2.96 കോടി രൂപ
*സമഗ്ര കോളനി വികസന പദ്ധതിക്ക് 2 കോടി
*പട്ടികജാതി യുവതി, യുവാക്കളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള അപ്രന്റീസ്ഷിപ്പ് നൽകുന്നതിന് 1.50 കോടി
*പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ യുവതി,യുവാക്കൾക്ക് യൂണിഫോം ജോലികളിലേക്കുള്ള പരിശീലനം നൽകുന്നതിന് 1.15 കോടി രൂപ
*കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കാൻ 1.50 കോടി
*വനിതാ വികസനം*
ജില്ലയിലെ വിദൂര മേഖലയിലെ കൂടുതൽ സ്ത്രീകളെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിക്കുന്നതിനും സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി 5.38 കോടി രൂപ വകയിരുത്തി. ജാഗ്രതാ സമിതികളുടെ പ്രവർത്തനം വിപുലമാക്കുന്നതിനും സ്‌കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ശുചിമുറികൾ നിർമിക്കുന്നതിനും, തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും തുടർ പദ്ധതികളായ ജ്വാല, ജെൻഡർ റിസോഴ്സ് സെന്റർ, ഹോം നഴ്സിംഗ് പൂൾ എന്നിവ നടപ്പിലാക്കുന്നതിനും ആവശ്യമായ തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
*സ്ത്രീധന വിരുദ്ധ ബോധവത്കരണത്തിനായുള്ള നോ ഡൗറി നോ വറി പദ്ധതിക്കായി 5 ലക്ഷം
*ജില്ലാ ആശുപത്രികളിൽ പ്രസവിക്കുന്ന അമ്മമാർക്ക് ജില്ലാ പഞ്ചായത്തിന്റെ സ്നേഹോപഹാരമായി പ്രസവ കിറ്റ് നൽകും
*മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ*
*ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്തുകളിൽ ഓപ്പൺ ജിം ഉൾപ്പെടെയുള്ള ഹാപ്പിനെസ് പാർക്കുകൾക്കായി 50 ലക്ഷം രൂപ
*ലൈഫ് ഭവന പദ്ധതിക്ക് 15.67 കോടി
*അതിദരിദ്രരിലെ ഭിന്നശേഷിക്കാർക്കും അച്ഛനമ്മമാർ നഷ്ടപ്പെട്ടവർക്കും ഭവന നിർമാണത്തിന് സ്വപ്നക്കൂട് പദ്ധതി 50 ലക്ഷം
*വൃദ്ധർ, ഭിന്നശേഷിക്കാർ, കുട്ടികൾ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരുടെ ഉന്നമനത്തിനായി 7.42 കോടി
*പാഥേയം പദ്ധതിക്ക് 2.56 കോടി
*ഭിന്നശേഷി സ്‌കോളർഷിപ്പ് 3.18കോടി
*മാനസികമായി വെല്ലുവിളി നേരിടുന്നവരെ ചികിത്സിച്ച് സാധാരണ നിലയിലെത്തിക്കാൻ ആരംഭിച്ച വെഞ്ഞാറമൂട് കെയർ ഹോമിൽ, അന്തേവാസികളുടെ എണ്ണം 25ൽ നിന്നും 50 ആക്കി ഉയർത്തും
*ഭിന്നശേഷി സൗഹൃദ മുറി – ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വീടിനോട് ചേർന്ന് ഭിന്നശേഷി സൗഹൃദ മുറി നിർമിച്ച് നൽകുന്നതിന് 50 ലക്ഷം രൂപ
*കാർഷിക മേഖലയ്ക്ക് 3.52 കോടി
*ജലസംരക്ഷണത്തിന് 2.20 കോടി
*മൃഗസംരക്ഷണവും ക്ഷീര വികസനവും 4.81 കോടി
*മൃഗസംരക്ഷണ സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ താലൂക്ക് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ