10/5/23
കൊട്ടാരക്കര :ചികിത്സക്കിടെ വനിതാ ഡോക്ടറെ കുത്തികൊന്ന പ്രതി സന്ദീപ് അധ്യാപകണെന്ന് പോലീസ്. നെടുമ്പന സ്കൂളിലെ അധ്യാപകനാണെന്നും, ഇപ്പോൾ സസ്പെൻഷനിലാണെന്നും, സന്ദീപ് ലഹരിക്ക് അടിമയാണെന്നും പോലീസ് പറയുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായ വന്ദന മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപാണ് ഡോക്ടറെ കുത്തിക്കൊന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലര്‍ച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ് തവണയാണ് കുത്തേറ്റത്. മുതുകിലേറ്റ കുത്ത് ശ്വാസകോശത്തിലേയ്ക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് ഡോക്ടര്‍ വന്ദന ദാസ്. അബ്കാരി ബിസിനസുകാരനായ മോഹന്‍ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. വീടിന്റെ മതിലിലുള്ള ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ എന്ന ബോര്‍ഡ് നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്.
പഠനത്തില്‍ മിടുക്കിയായിരുന്ന വന്ദന പ്ലസ് ടു വരെ നാട്ടില്‍ തന്നെയാണ് പഠിച്ചിരുന്നത്. പിന്നീട് ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ വന്ദനയെ അസീസിയ മെഡിക്കല്‍ കോളേജിലേയ്ക്ക് എംബിബിഎസ് പഠിപ്പിക്കാനയച്ചത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് വന്ദനയും കുടുംബവും. പിജി പഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്. ഒന്നര മാസം മുമ്ബാണ് വന്ദന അവസാനമായി നാട്ടിലെത്തിയത്. വീടിന് സമീപമുള്ള കുന്നശേരിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡന്‍ തൂക്കം കാണാനായിരുന്നു എത്തിയത്. കുറച്ച് ദിവസം വീട്ടുകാരോടൊപ്പം നിന്ന ശേഷം ഉടന്‍ തിരികെ വരുമെന്ന് വാക്ക് കൊടുത്ത ശേഷമാണ് മടങ്ങിയത്.