17/9/22
റാബീസ് അഥവാ പേവിഷബാധ… ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
ഇപ്പോൾ സംഭവിക്കുന്ന വളരെ ഉത്കണ്ഠാജനകമായ ഭീകരമായ അവസ്ഥയാണ് നായ കടിക്കുക എന്നത്. ഈ വർഷം ഇതുവരെ ഏകദേശം രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് നായ കടിയേറ്റു. മരിച്ചവരിൽ പലരും കൃത്യസമയത്ത് പ്രാഥമിക ചികിൽസയും വാക്സീനും എടുത്തിരുന്നില്ല എന്നത് പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്. നായ മാത്രമല്ല പൂച്ച, മരപ്പട്ടി, കുരങ്ങൻ,ചെരുച്ചാഴി എന്നിവ മാന്തുകയോ കടിയ്ക്കുകയോ ചെയ്താലും പേവിഷ ബാധ ഉണ്ടാകും.
റാബീസ് എന്നത് വാക്സിൻ കൊണ്ട് തടയാവുന്ന മൃഗങ്ങളിൽ നിന്ന് പകരുന്ന ഒരു വൈറസ് ഡിസീസ് ആണ്. നായ കടിയേറ്റാൽ വളരെ വേഗം തന്നെ പ്രാഥമിക ചികിൽസ നൽകണം. പൈപ്പുവെള്ളത്തിൽ ആ മുറിവ് സോപ്പുപയോഗിച്ചു മുറിവിലേക്ക് നിരന്തരം ധാരധാരയായി വെള്ളമൊഴിച്ച് 15 മിനിറ്റെങ്കിലും കഴുകണം. ഇത് വൈറസിനെ നശിപ്പിക്കാനും ശരീരഭാഗങ്ങളിലേക്കുള്ള വ്യാപനം തടയാനും സഹായിക്കും. എത്ര ചെറിയ മുറിവാണെങ്കിലും ഇത് ചെയ്യണം. ഇനിയാണ് ചികിൽസയുടെ പ്രാധാന്യം, കടിയേറ്റു കഴിഞ്ഞാൽ എത്രയും വേഗം വാക്സിനേഷൻ എടുക്കണം. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമായി നൽകാനുള്ള വ്യവസ്ഥയുണ്ട്.0,3,7,14,28 എന്നീ ദിവസങ്ങളിൽ ആണ് ആൻറി റാബീസ് വാക്സിനേഷൻ നൽകേണ്ടത്, ഇത് ഇൻട്രാ ഡെർമൽ റാബീസ് വാക്സിനേഷൻ ആണ്. കൃത്യമായ ഡോസിൽ ഇത് എടുക്കാൻ ശ്രദ്ധിക്കണം. നായയുടെ കടിയേറ്റ ഭാഗത്ത് ഇമ്യൂണോഗ്ലോബുലിൻ ഇൻജക്ഷൻ മുറിവിനു ചുറ്റുമായി എടുക്കണം. വ്യക്തിയുടെ ശരീരത്തിന്റെ ഭാരം, മുറിവുണ്ടായ സ്ഥലം സ്വഭാവം ഇവയനുസരിച്ചാണ് ഇൻജക്ഷൻ നിശ്ചയിക്കുന്നത് , ശേഷം ഇൻട്രാ മസ്കുലർ ആയി ഇത് നൽകുന്നു.
എല്ലാ വളർത്തുമൃഗങ്ങളൾക്കുo നിർബന്ധമായി കൃത്യമായ ഇടവേളകളിൽ റാബീസ് പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകണം. മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവർ, ഡോക്ടർമാർ എന്നിവർ കൃത്യമായ ഇടവേളകളിൽ പ്രതിരോധ വാക്സിനുകൾ എടുക്കേണ്ടതാണ്.
ഡോക്ടർ ഡി രഘു
(സംസ്ഥാന ഉപാധ്യക്ഷൻ
ആരോഗ്യ ഭാരതി.)