ഡോ:സിസതോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്1 min read

10/3/23

തിരുവനന്തപുരം :സാങ്കേതിക സർവകലാശാല വി സി ഡോ: സിസാ തോമസിനെ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചു വെങ്കിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി നിയമനം നൽകേണ്ടതായിവന്നു.

മാർച്ച് 31ന് റിട്ടയർ ചെയ്യുന്ന സിസാ തോമസിനെതിരെ നടപടി കൈക്കൊള്ളുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ട്രാൻസ്ഫർ വഴി പുതിയ നിയമനം നൽകാതിരിക്കാൻ സർക്കാർ ശ്രമിച്ചത്.ഇപ്പോൾ
സർക്കാർ അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്ത നടപടി കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റ ദൂഷ്യമാണെന്നും ആയതിനാൽ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകി. 15 ദിവസത്തിനകം സർക്കാരിലേക്ക് രേഖാ മൂലം മറുപടി ബോധിപ്പിച്ചില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാങ്കേതിക സർവകലാശാല വിസി യായി സർക്കാർ നിർദ്ദേശിച്ച പേരുകൾ യുജിസി ചട്ട പ്രകാരം സ്വീകാര്യമല്ലാത്തത് കൊണ്ട് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിലെ ഔദ്യോഗികജോലിയോടൊപ്പം വിസി യുടെ അധിക ചുമതല കൂടി വഹിക്കാൻ ഗവർണർ ഉത്തരവിടുകയായിരുന്നു. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സിസാ തോമസ് സാങ്കേതിക സർവകലാശാലയുടെ ചുമതല ഏറ്റെടുത്തിട്ട് 5 മാസങ്ങൾ പിന്നിട്ട ശേഷമാണ് ഇപ്പോൾ സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

ഗവർണരോടുള്ള സർക്കാരിന്റെ അഭിപ്രായ ഭിന്നതയാണ് സിസാ തോമസിനെതിരെയുള്ള നോട്ടീസിന് പിന്നിലെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *