12/5/23
കൊച്ചി :
ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 24 മണിക്കൂറും സംരക്ഷണം നല്‍കാന്‍ പൊലീസിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. പ്രതികളെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമ്പോൾ പാലിക്കുന്ന അതേ പ്രോട്ടോക്കോള്‍ ഇവരെ വൈദ്യ പരിശോധനയ്ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോ ഴും പോലീസ്പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നലെ രണ്ടാം ദിവസവും സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംരക്ഷണം നല്‍കുന്നതിനുള്ള നിയമം ഭേദഗതി ചെയ്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണമെന്നും ഐ.എം.എയുടെ സീനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇവ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഭേദഗതി ഓര്‍ഡിനന്‍സിന്റെ വിവരങ്ങള്‍ ഹര്‍ജി വീണ്ടും പരിഗണിക്കുമ്ബോള്‍ വിശദീകരിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. രാത്രി അസമയത്ത് പൊലീസ് എത്തുമ്പോള്‍ മുറിവേറ്റ നിലയില്‍ ഒരു വടിയും പിടിച്ചു നില്‍ക്കുന്നയാളെ കണ്ടിട്ട് പൊലീസിന് അസ്വാഭാവികത തോന്നിയില്ലേയെന്ന് കോടതി ചോദിച്ചു. അപ്രതീക്ഷിതമായതു പൊലീസ് പ്രതീക്ഷിക്കേണ്ടേ? ഡ്രസിംഗ് റൂമില്‍ മതിയായ സുരക്ഷയില്ലാതിരുന്നിട്ടും പ്രതി നഴ്‌സിനെ ആക്രമിക്കാതിരുന്നതു ഭാഗ്യം. ഒറ്റപ്പെട്ട സംഭവമെന്ന തരത്തില്‍ ഇതിനെ അവഗണിക്കാനാവില്ലെന്നു പറഞ്ഞ കോടതി ഹര്‍ജി 25ലേക്ക് മാറ്റി.
വന്ദനയോട് മാപ്പു ചോദിച്ച് കോടതിയും
വന്ദനയെയും കുടുംബത്തെയും പൊലീസ് തോല്പിച്ചു. മകളെ നഷ്ടപ്പെട്ട ആ കുടുംബത്തോടു വീണ്ടും വീണ്ടും മാപ്പു ചോദിക്കുന്നുവെന്നും കോടതി വാക്കാല്‍ പറഞ്ഞു. നിലവിലെ സംവിധാനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി സൈനികരെപ്പോലെ പൊലീസ് ഡോ. വന്ദനയ്ക്ക് സംരക്ഷണം ഉറപ്പാക്കണമായിരുന്നുവെന്ന് വ്യക്തമാക്കി. വന്ദനയ്ക്ക് 11 തവണ കുത്തേറ്റു. എങ്ങനെ ഇതിനെ ന്യായീകരിക്കും? ആ പെണ്‍കുട്ടിയുടെ ആത്മാവിനുവേണ്ടി കേസ് അന്വേഷിക്കണം. അല്ലെങ്കില്‍ ആത്മാവ് നിങ്ങളോടു പൊറുക്കില്ല. ഡോ. വന്ദന കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ടാം ദിവസവും പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. പൊലീസ് കൊണ്ടുവന്ന ഒരാള്‍ ആക്രമണം നടത്തിയാല്‍ പൊലീസിനല്ലേ ഉത്തരവാദിത്വം? ഇവിടെ കുത്തുകൊണ്ടവരൊക്കെ ഓടി മാറി. യുവ ഡോക്ടര്‍ പ്രതിയുടെ മുന്നില്‍ പേടിച്ച് ഒന്നനങ്ങാന്‍ പോലുമാകാതെ നിന്നുപോയി. ആ സമയം പൊലീസ് എവിടെയായിരുന്നു? പ്രതിയുമായെത്തിയ പൊലീസുകാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. 55 വയസിലേറെ പ്രായമുള്ള ഹോം ഗാര്‍ഡാണ് ഡ്രസിംഗ് റൂമിനു പുറത്തു കാവല്‍ നിന്നത്. ഞങ്ങള്‍ക്കും ആ പ്രായമായി. ഇത്തരം സംഭവമുണ്ടായാല്‍ നേരിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഇനിയുമിത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
‘ഞങ്ങള്‍ മരിച്ചാലും ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കണമായിരുന്നു. അതിനു കഴിഞ്ഞില്ല” – എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ കോടതിയില്‍ പറഞ്ഞത് .
‘പൊലീസിന്റെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നില്ല. പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. പക്ഷേ, ആ കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ” – ഡി.ജി.പി അനില്‍ കാന്ത് പറഞ്ഞു.