പ്രഥമ പൗരക്ക് ഇന്ന് സ്ഥാനാരോഹണം1 min read

25/7/22

ന്യുഡൽഹി :രാജ്യത്തെ 15ആം രാഷ്‌ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്.

രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോര്‍ത്ത് കോര്‍ട്ടിലെത്തുന്ന ദ്രൗപദി മുര്‍മു കാലാവധി പൂര്‍ത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തില്‍ ഇരുവരും പാര്‍ലമെന്റിലേക്ക് പുറപ്പെടും. രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ളയും ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ചേര്‍ന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടര്‍ന്ന് 10.14ന് ദ്രൗപദി മുര്‍മുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാര്‍ലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധിനല്‍കി. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കും. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്‌കാലികമായി നിര്‍ത്തിവെക്കും.

രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിതയാണ് ദ്രൗപദി മുര്‍മു. ആദിവാസി വിഭാഗത്തില്‍നിന്ന് ഒരാള്‍ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ സര്‍വ സൈന്യാധിപ ആകുന്നു എന്ന സവിശേഷതയുമുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യ രാഷ്ട്രപതി, പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്‌.

ഒഡിഷയിലെ മയൂര്‍ഭഞ്ച്‌ ജില്ലയിലെ സാന്താള്‍ ആദിവാസി കുടുംബത്തിലാണ്‌ അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വര്‍ രമാദേവി വിമന്‍സ്‌ കോളേജില്‍നിന്ന്‌ ബിരുദം നേടിയശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1997ല്‍ റായ്‌രങ്‌പുരില്‍ ബിജെപി ടിക്കറ്റില്‍ നഗരസഭാ കൗണ്‍സിലറായി. 2000ല്‍ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. നാലു വര്‍ഷം സംസ്ഥാന മന്ത്രിയായിരുന്നു. 2015ല്‍ ജാര്‍ഖണ്ഡ്‌ ഗവര്‍ണറായി നിയമിതയായി. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *