ഡോക്ടർ വന്ദനയുടെ കൊലപാതകം ഒറ്റപെട്ട സംഭവം :DYFI1 min read

11/5/23

തിരുവനന്തപുരം :ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാണിച്ചതെന്നും വേദനാ ജനകമായ സംഭവമാണ് ഇതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടം ഡി വൈ എഫ് ഐ ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി.കെ.സനോജ് വ്യക്തമാക്കി.

‘കേരളത്തില്‍ വളരെ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളത്. ഇതിപ്പോള്‍ ലഹരിക്ക് അടിമപ്പെട്ടിട്ടുള്ള ഒരാള്‍ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുകൂടി ജാഗ്രതയോടുകൂടി നമ്മുടെ സമൂഹം ഇത്തരം വിഷയങ്ങളില്‍ ഇടപെടേണ്ടതുണ്ട് എന്നാണ് മനസിലാക്കുന്നത്’- സനോജ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ ബാബു തുടങ്ങിയവരോടൊപ്പമെത്തിയാണ് സനോജ് വന്ദന ദാസിന് അന്തിമോപചാരം അര്‍പ്പിച്ചത്.

ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ട വന്ദനയുടെ ഭൗതിക ശരീരം കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണിപ്പോള്‍. പ്രമുഖര്‍ ഉള്‍പ്പടെ നൂറുകണക്കിന് പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് മന്ത്രി മടങ്ങിയത്. മുന്നറിയിപ്പില്ലാതെ എത്തിയ മന്ത്രി വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. എന്നാല്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മരണത്തിന് പിന്നാലെ വന്ദന എക്‌സ്പീരിയന്‍സ്ഡ് അല്ലെന്നും അതുകൊണ്ടാണ് അക്രമമുണ്ടായപ്പോള്‍ ഭയന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.ഇതിനെതിരെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *