വിവാദങ്ങൾക്ക് വിട, ജനകീയ പ്രതിരോധ യാത്രയിൽ ഇ. പി. പങ്കെടുക്കും1 min read

4/3/23

തൃശ്ശൂർ :വിവാദങ്ങൾക്കുള്ള മറുപടിയായി എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കും.ജാഥയില്‍ പങ്കെടുക്കാനായി ഇപി തൃശൂരിലെത്തി. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിലും ഇപി ജയരാജന്‍ പങ്കെടുക്കും. തൃശൂരില്‍ വെച്ച്‌ ജാഥയില്‍ പങ്കെടുക്കാന്‍ പ്രത്യേക താല്പര്യമുണ്ടെന്നും ഇന്ന് പങ്കെടുക്കാന്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

“കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റിന്റെ സഖാക്കള്‍ വളരെ താല്പര്യത്തോടെയാണ് ഈ ജാഥയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കാണുന്നത്. കാസര്‍കോട് ജില്ലയില്‍ മറ്റുചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ സമയങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. അതിലെല്ലാം സഖാക്കള്‍ സജീവമായി പങ്കാളിത്തം വഹിക്കും. സ്വാഭാവികമായ നടപടിക്രമം മാത്രമാണിത്. തൃശൂരിലെ സമാപനം എവിടെയാണോ അവിടെ ഞാന്‍ പങ്കെടുക്കും. അതിന് മുന്‍പ് എവിടെയും പങ്കെടുക്കില്ല”; ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ തൃശൂരില്‍ പങ്കെടുക്കുമെന്ന് കാര്യം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇപി പങ്കെടുക്കുക. ഒരുതരത്തിലുള്ള സമ്മര്‍ദവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ തുടര്‍ച്ചയായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നവുമില്ല എന്ന കാര്യം കൂടി താന്‍ അറിയിക്കുകയാണെന്നും ഇപി വ്യക്തമാക്കി.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇ.പി ജയരാജന്‍ , സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയില്‍ ഇതുവരെ ഒരിടത്തും പങ്കെടുത്തിരുന്നില്ല. കണ്ണൂരില്‍ ഉണ്ടായിട്ടും ജില്ലയിലെ ജാഥയില്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായിരുന്നു. ജാഥയില്‍ പങ്കെടുക്കാതെ വിവാദ ദല്ലാള്‍ നന്ദകുമാറിന്‍റെ അമ്മയെ ആദരിച്ച ചടങ്ങിയില്‍ ഇപി എത്തിയത് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് ജാഥയില്‍ പങ്കെുക്കാനുള്ള തീരുമാനം ഇ.പി എടുത്തത്. ഇപി പങ്കെടുക്കാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴൊക്കെ എവിടെയെങ്കിലും പങ്കെടുക്കുമെന്നായിരുന്നു ജാഥാ ക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *