തിരുവനന്തപുരം :പിഎസ്‌സി യ്ക്ക് റിപ്പോർട്ട് ചെയ്യേണ്ട സ്ഥിരം തസ്തികകൾ സർവ്വകലാശാലകൾ സർക്കാർ ഉത്തരവിന്റെ മറവിൽ റദ്ദാക്കുന്നു. പകരം സർവകലാശാലകളിൽ താൽക്കാലിക നിയമനങ്ങൾ വ്യാപകമാകുന്നു.
ആദ്യപടിയായി
കാർഷിക സർവകലാശാല 213 അനദ്ധ്യാപക തസ്തികകൾ റദ്ദാക്കി. മറ്റ് സർവകലാശാലകളും സർക്കാർ ഉത്തരവിന്റെ ചുവട് പിടിച്ച് ഒഴിവുള്ള സ്ഥിരം തസ്തികകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്യേണ്ട എന്ന നിലപാടിലാണ്.
പുതുതായി നിലവിൽ വന്ന ഓപ്പൺ, മലയാളം, ഡിജിറ്റൽ സർവകലാശാലകളിലും KTU വിലും പി.എസ്.സി വഴിയുള്ള നിയമനങ്ങൾ തടയുന്നതിന്, സ്ഥിരം തസ്തികകൾ ഒഴിവാക്കി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് സർക്കാരിന്റെ അനുമതി.
പരീക്ഷ ഉൾപ്പടെയുള്ള രഹസ്യ ജോലികൾ ചെയ്യുന്നതിന് താൽക്കാലിക ജീവനക്കാരെയാണ് ഈ സർവകലാശാലകളിൽ നിയമിച്ചിരിക്കുന്നത്. KTU വിൽ താൽക്കാലിക നിയമനങ്ങൾക്ക് ക്രമവിരുദ്ധമായി 9 കോടി രൂപ ചെലവാക്കിയതായി സിഎജി യുടെ 2024 ലെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. സിണ്ടിക്കേറ്റ് അംഗമായ ഒരു എം.എൽ.എ, കാട്ടാക്കട നിയോജക മണ്ഡലത്തിൽ നിന്നുമാത്രമായി അറുപതോളം പേർക്ക് നിയമനം നൽകിയവർ അഞ്ച് വർഷമായി ഇവിടെ ജോലിയിൽ തുടരുന്നതായ പരാതിയുണ്ട്.
കേരളയിൽ നടന്ന അസിസ്റ്റന്റ് നിയമന തട്ടിപ്പിനെ തുടർന്ന് 2014 ൽ ഉമ്മൻചാണ്ടി സർക്കാരാണ് യൂണിവേഴ്സിറ്റി കളിലെ അനധ്യാപക നിയമനങ്ങൾപൂർണ്ണമായും PSC യ്ക്ക് വിട്ടത്.
കേരളയിൽ 971, എം.ജി 328, കാലിക്കറ്റ് 704, കണ്ണൂർ 359, കുസാറ്റ് 5 11, സംസ്കൃത 261, മലയാളം 84, സാങ്കേതിക 95, ഓപ്പൺ യൂണിവേഴ്സിറ്റി 109 ഉൾപ്പെടെ 3422 പേരെ സർവ്വകലാശാലകൾ നേരിട്ട് ദിവസക്കൂലി/ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുകയാണ്. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന സർക്കാർ ഉത്തരവ് പോലും തള്ളിക്കളഞ്ഞു കൊണ്ടാണ് നിയമങ്ങൾ നടത്തിയിട്ടുള്ളത്. എല്ലാ സർവകലാശാ ലകളിലുമായി ഇതുവരെ 142 പേരെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ചിട്ടുള്ളത്.
നിയമസഭയിൽ ഐ. സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കാർഷിക സർവകലാശാല, ഫിഷറീസ്, വെറ്ററി നറി, നിയമ സർവ്വകലാശാലകളിലായി താൽക്കാലിക്കാരായി നിയമിച്ചിട്ടുള്ള 500 ഓളം പേരുടെ കണക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി യുടെ മറുപടിയിൽ ഒഴിവാക്കിയിട്ടുണ്ട്.
റദ്ദാക്കിയ തസ്തികകളിൽ അത്യാവശ്യഘട്ടങ്ങളിൽ താൽക്കാലികമായി നിയമനങ്ങൾ നടത്താമെന്ന സർക്കാർ ഉത്തരവിന്റെ വെളിച്ചത്തിൽ റദ്ദാക്കിയ സ്ഥിരം തസ്തികകളിൽ താത്കാലിക നിയമനങ്ങൾ തുടരാനാവും. ഇതിലൂടെ PSC റാങ്ക് പട്ടിക യിലുള്ളവരുടെ നിയമനസാധ്യത ഇല്ലാതാകും.
പിൻവാതിലിലൂടെ നടത്തിയ എല്ലാ താൽക്കാലിക നിയമനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഗവർണർക്ക് നിവേദനം നൽകി.