ഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഇനി നാല് നാള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ജി20ക്ക് വിപുലമായ സൗകര്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് തന്നെ.
രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ഇന്ത്യയുടെ അധ്യക്ഷപദം. ജി 20 ലൂടെ ലോകം ഒരിക്കല്‍ കൂടി ഇന്ത്യയിലേക്ക് കണ്ണുറപ്പിക്കുകയാണ്.ഉച്ചകോടിക്കെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്ക് ആതിഥ്യമരുളാനായി മാസങ്ങള്‍ക്ക് മുമ്പുതന്നെ ഡല്‍ഹി ഒരുങ്ങി തുടങ്ങിയിരുന്നു. 7500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെൻഷൻ സെന്‍റര്‍, വിശാലയ ജി20 സമ്മിറ്റ് റൂം, ഇന്‍റര്‍നാഷണല്‍ മീഡിയ സെന്‍റര്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
ഒരു ചുവടുപോലും പിഴക്കാതെ പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത് രാഷ്ട്രത്തലവന്മാരും പ്രതിനിധികളുമടക്കം എത്തുന്നതിനാല്‍ ഓരോ അണുവിലും ജാഗ്രത പുലര്‍ത്തുകയാണ് സുരക്ഷാസേനകള്‍.വ്യോമസേന, കരസേന, അര്‍ധസൈനിക വിഭാഗങ്ങള്‍, ഡല്‍ഹി പൊലീസ് എന്നിവരുടെ കര്‍ശന നിരീക്ഷണത്തിലാണ് നഗരം. ആന്‍റ് ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഇതിനായി തയാറായിക്കഴിഞ്ഞു. 400 അഗ്നിശമന സേനാംഗങ്ങളും ഏതു സാഹചര്യത്തെയും നേരിടാൻ തയാര്‍. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ പ്രത്യേക സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഉള്‍പ്പെടെ വിവിഐപികള്‍ താമസിക്കുന്ന ഐടിസി മൗര്യയില്‍ അടക്കം എല്ലാ ഹോട്ടലുകളിലും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
20 ബുള്ളറ്റ് പ്രൂഫ് ലിമോസിൻ കാറുകളളാണ് സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കള്‍ക്കു വേദിയിലേക്കു പോകാനും വരാനും സജ്ജമാക്കിയിട്ടുള്ളത് . 20 അംഗരാജ്യങ്ങളുടെ തലവന്മാര്‍ക്ക് പുറമേ ക്ഷണിക്കപ്പെട്ട 9 രാജ്യങ്ങളുടെ ഭരണാധികാരികള്‍, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ 14 രാജ്യാന്തര സംഘടനകളുടെ മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.വസുധൈവ കുടുംബകം എന്നതാണ് പ്രമേയമായി കണ്ടിരിക്കുന്നത്.