തിരുവനന്തപുരം :സംസ്ഥാനത്തെ സർവകലാശാലകളെയും ജീവനക്കാരെയും സംബന്ധിച്ച് ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസെഷൻസ്. പൊതു സർവകലാശാലകളുടെ വികസനപ്രവർത്തനങ്ങൾ സർക്കാർ ബോധപൂർവം തടസ പെടുത്തുന്നത് സ്വകാര്യ സർവകലാശാലകൾക്ക് സൗകര്യമൊരുക്കാനാണെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ് ജനറൽ സെക്രട്ടറി ജയൻ ചാലിൽ ട്രഷറർ കെ. എസ് ജയകുമാർ എന്നിവർ ആരോപിച്ചു.
സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ നോൺ പ്ലാൻ ഗ്രാന്റിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിവർഷം 20 മുതൽ 50 ശതമാനം വരെ വർദ്ധനവ് വിവിധ ബജറ്റുകളിൽ സർവകലാശാലകൾക്ക് വകയിരുത്തിയിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ട് ബജറ്റുകളിൽ ഒരു രൂപയുടെ പോലും ഗ്രാന്റ് വർദ്ധനവ് നൽകിയിരുന്നില്ല. കഴിഞ്ഞ തവണ ഒരു ശതമാനവും ഇത്തവണ രണ്ടു ശതമാനവും മാത്രമാണ് ഗ്രാന്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.
പ്ലാൻ ഫണ്ടുമായി ബന്ധപ്പെട്ട്, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ മാത്രമല്ലാതെ, സർവകലാശാലകൾക്ക് ഫണ്ട് ലഭിക്കുന്നില്ല. നിലവിലുള്ള പദ്ധതി വിഹിതം പകുതിയായി വെട്ടിക്കുറച്ചു. അനുവദിച്ച തുകയുടെ നാലിലൊന്നു മാത്രമേ ഇതുവരെ ലഭിച്ചിട്ടുമുള്ളൂ. അതുപോലും ലഭിക്കാത്ത സർവകലാശാലകളുമുണ്ട്. ഫണ്ട് ഇല്ലാത്തത് കാരണം സർവകലാശാലകളുടെ അക്കാദമിക ഗവേഷണ വികസന പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്.
ശമ്പള കമ്മീഷനെ പ്രഖ്യാപിക്കാതെയും കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത നൽകാതെയും ധനമന്ത്രി ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.