തിരുവനന്തപുരം :ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി സൗഹൃദം ഉറപ്പിക്കാൻ സർക്കാർതല നീക്കം.മന്ത്രിമാർ ഓണക്കോടിയുമായി ഗവർണറെ സന്ദർശിച്ച് ഓണാഘോഷത്തിന് മുഖ്യാതിഥിയായി ക്ഷണിച്ചതിനു പിന്നാലെ ചീഫ് സെക്രട്ടറി ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഗവർണറെ സർക്കാരിന്റെ ഓണാ ഘോഷപരിപാടികളിൽ നിന്നും പൂർണമായും ഒഴിവാക്കിയിരുന്നു. ആദിവാസി ഊരുകൾ സന്ദർശിച്ച് അവരോടൊപ്പമാണ് ഗവർണർ ഓണം ആഘോഷിച്ചത്.
ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിന്റെ ഭാഗമായി,നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ചോദ്യംചെയ്ത് കോടതിയെ സമീപിക്കാൻ സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ തിരക്കിട്ട് നടപടികൾ വേണ്ടെന്നാണ് സർക്കാർ നിലപാട്.
മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുവാൻ ഓഗസ്റ്റ് 9 ന് തീരുമാനിച്ചിട്ടും ഇതേവരെ നിയമനം സംബന്ധിച്ച ഫയൽ സർക്കാർ ഗവർണർക്ക് സമർപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ വിയോജന
കുറിപ്പോടുകൂടിയാണ് നിയമനം ശുപാർശ ചെയ്തത്. മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിർണായക കേസുകളിൽ
സർക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവുകൾക്ക് വിരുദ്ധമായി നിലപാടുകൾ കൈകൊള്ളൂകയും ചെയ്തതിന്
പാരിതോഷികമായാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പദവിയിൽ അദ്ദേഹത്തെ നിയമിക്കാൻ തീരുമാനിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെയും മുൻ പ്രതിപക്ഷ നേതാവിന്റെയും,സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെയും പരാതികൾ ഗവർ ണറുടെ പരിഗണനയിലാണ്.
പിഎസ്‌സി അംഗങ്ങളായി സർക്കാർ ശുപാർശ ചെയ്ത രണ്ടുപേരുടെ നിയമനം പരാതികളെ തുടർന്ന് ഗവർണർ അംഗീകരിച്ചിട്ടില്ല.
ലോകായുക്ത നിയമഭേദഗതി, ചാൻസ ലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി കൊണ്ടുള്ള സർവ്വ കലാശാല നിയമ ഭേദഗതി തുടങ്ങിയ നിയമസഭ പാസ്സാക്കിയ ആറുബില്ലുകളിൽ ഗവർണർ ഇതേവരെ ഒപ്പ് വെച്ചിട്ടില്ല.
വിവരാവകാശ കമ്മീഷണർമാരുടെ ഒഴിവുകളിൽ നിയമനം നടത്തണമെങ്കിൽ അത് ഗവർണർ അംഗീകരിക്കേണ്ടതുണ്ട്.
കേരള,കാലിക്കറ്റ് സർവകലാശാല സെന റ്റുകളിലേയ്ക്ക് 16 പേരെ വീതം നാമനിർദ്ദേശങ്ങൾ ഗവർണർ നേരിട്ട് നടത്തേണ്ടതുണ്ട്.
ലോകയുക്തയിൽ ഫയൽ ചെയ്ത ദുരിതാശ്വാസനിധി വിനിയോഗം സംബന്ധിച്ച ഹർജ്ജി സർക്കാരിനെ
തെല്ലൊന്ന് അലോസരപെടുത്തിയത് മറികടക്കാനായി കൊണ്ടുവന്ന ലോകയുക്ത നിയമഭേദഗതി ഗവർണർ ഒപ്പ് വച്ചിട്ടില്ലെങ്കിലും ലോകയുക്തയുടെ മൂന്ന് അംഗബെഞ്ചിന്റെ വിധിയിൽ സർക്കാർ ഇപ്പോൾ ശുഭ പ്രതീക്ഷയിലായതിനാൽ ഗവർണർ ബില്ല് ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്നതിൽ സർക്കാരിന് വേവലാതിയില്ല.
ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കികൊണ്ടുള്ള നിയമഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചില്ലെങ്കിലും, ‘കേരള’ ഒഴിച്ചുള്ള സർവ്വകലാശാലകളിൽ താൽക്കാലിക വിസി മാരെ സർക്കാർ താൽപ്പര്യം അനുസരിച്ചു നിയമിച്ചതിലുള്ള ആശ്വാസം സർക്കാരിനു ണ്ട്.
ഈ സാഹചര്യത്തിലാണ് ഗവർണറുമായുള്ള ഏറ്റുമുട്ടൽ തൽക്കാലം ഒഴിവാക്കാനുള്ള സർക്കാരിൻറെ ബുദ്ധിപൂർവ്വമായ മനം മാറ്റം.