നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കില്ല , ഓരോ പ്രവർത്തിയും നിയമപരവുമായിരിക്കും :KPOA1 min read

21/8/23

തിരുവനന്തപുരം :നിയമവിരുദ്ധ ഉത്തരവുകൾ അനുസരിക്കേണ്ടതില്ലെന്നും  നിയമപരമായ ഓരോ പ്രവർത്തിയുമായി ജനങ്ങൾക്കൊപ്പം സഞ്ചരിക്കുമെന്നും KPOA. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ലക്ഷ്യങ്ങളും, പ്രവർത്തനങ്ങളും, അംഗങ്ങൾക്കുള്ള മാർഗ നിർദ്ദേശങ്ങളും  FB പോസ്റ്റിലൂടെയാണ് KPOA അറിയിച്ചത്. പോലീസ് സേനയിലെ മേൽ ഉദ്യോഗസ്ഥൻമാരുടെ പ്രവർത്തനങ്ങളോടുള്ള അതൃപ്‌തിയും,സേനയിലെ ചില ഉദ്യോഗസ്ഥൻമാരുടെ വഴിവിട്ട ബന്ധങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിക്കുകയും. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സംഘടന സംരക്ഷണം നൽകുകയില്ലെന്ന താക്കീതും സംഘടന നൽകുന്നു.

KPOA യുടെ FB പോസ്റ്റ്‌ 

”കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ 2023 -2025 വർഷ കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി പുതിയ സംഘടനാ കമ്മറ്റികൾ നിലവിൽ വന്നിരിക്കുകയാണ്. സംഘടനാംഗങ്ങൾ പൂർണ്ണതൃപ്തിയിൽ അല്ല എന്ന ഉത്തമബോധ്യത്തിൽ തന്നെയാണ് സംഘടനാ ഭാരവാഹികളും. നമ്മുടെ മേഖലയുടെ പ്രത്യേകത കൊണ്ടുതന്നെ പൂർണ്ണതൃപ്തിയിലേക്ക് എന്നതും ഏറെ ശ്രമകരമാണ്.

കാലത്തിനും, സാഹചര്യങ്ങൾക്കുമനുസരിച്ച് ചില ബുദ്ധിമുട്ടുകൾ നാം നേരിടുന്നുണ്ട്. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ പ്രവർത്തിക്കേണ്ടവർ എന്ന നിലയിൽ ഇനിയും നിരവധി വിഷയങ്ങൾ നിലവിൽ പരിഹാരം കാണാൻ അവശേഷിക്കുന്നുണ്ട്.

DA കുടിശിക നേടിയെടുക്കുക എന്നതുപോലെ തന്നെ, കഴിഞ്ഞ ശംബള പരിഷ്ക്കരണത്തിലൂടെ ഉണ്ടായ ചില കുറവുകൾക്കും പരിഹാരം കാണാൻ നാളിതു വരെ കഴിഞ്ഞിട്ടില്ല.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തുടങ്ങി ചീഫ് സെക്രട്ടറി വരെയുള്ള എല്ലാ ജീവനക്കാർക്കും കൃത്യമായി ലഭിക്കുന്ന HRA കേരളാ പോലീസിലെ ചെറിയ ഒരു വിഭാഗത്തിന് മാത്രം കഴിഞ്ഞ ശംബള കമ്മിഷൻ നിഷേധിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നത് സർക്കാരിനെ ബോധ്യപ്പെടുത്താൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇത്തരം ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് സർക്കാരിന് പ്രയാസമുണ്ടാക്കുന്നു എന്നതാണ് വസ്തുത.
ഇത് പരിഹരിക്കുക എന്നത് തന്നെയാകും പുതിയ സംസ്ഥാനകമ്മിറ്റിയുടെ പ്രഥമ ലക്ഷ്യം എന്ന് കൂടി സൂചിപ്പിക്കട്ടെ.

ഇങ്ങനെ ജീവനക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുക എന്നതിനൊപ്പം കടമകൾ വീഴ്ചയില്ലാതെ നിറവേറ്റുവാനും നമുക്ക്‌ കഴിയണം.

എക്സിക്യൂട്ടീവ് വിഭാഗത്തിലെ ജനസേവകർ എന്ന നിലയിൽ മികവോടെ, കൃത്യതയോടെ, സംശുദ്ധതയോടെ പ്രവർത്തിക്കേണ്ട വിഭാഗമാണ് പോലീസ്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളികളെ കണ്ടെത്തി ജുഡീഷ്യറിയുടെ മുന്നിൽ എത്തിക്കുന്നതിനും ചുമതലപ്പെടുത്തപ്പെട്ട വിഭാഗമാണ് പോലീസ്. എന്നാൽ ഈ ചുമതല നിറവേറ്റുന്ന നമ്മളിൽ ചിലരുടെ ഭാഗത്ത് നിന്നുതന്നെ ചില വീഴ്ചകൾ ഉണ്ടാകുകയും അത് പോലീസിനാകെ അപകീർത്തികരമാകുകയും ചെയ്യുന്ന സാഹചര്യം ഇടയ്ക്കിടെ ഉണ്ടാകുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെങ്കിൽ അവർക്കൊപ്പം ശക്തമായ പിന്തുണയുമായി സംഘടനയുണ്ടാകും. ആരോപണങ്ങൾ വസ്തുതാപരമാണെങ്കിൽ അത്തരക്കാർ പോലീസ് സേനയിൽ ഉണ്ടാകേണ്ടതില്ല എന്ന ശക്തമായ നിലപാടായിരിക്കും സംഘടന ഉയർത്തിപ്പിടിക്കുക എന്ന് കൂടി സൂചിപ്പിക്കട്ടെ.

മാന്യമായി, അന്തസായി ജോലി ചെയ്യുന്ന 99 ശതമാനം പേരും ചില വികൃത ജന്മങ്ങളുടെ പ്രവർത്തിദോഷം കൊണ്ട് തലകുമ്പിട്ട് നടക്കേണ്ട സാഹചര്യമുണ്ടാകാൻ പാടില്ല.

അതുപോലെ തന്നെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായും ചില പ്രതിസന്ധികൾ നാം അനുഭവിച്ചു വരുന്നുണ്ട്.

പോലീസ് സ്റ്റേഷനുകളിലെ അംഗബലത്തിനനുസരിച്ചല്ലാതെ പ്രതിദിന ഡൂട്ടികൾ നിശ്ചയിക്കുന്നത് ഉൾപ്പെടെ നിരവധി സാഹചര്യങ്ങൾ ഇന്നും പോലീസ് അനുഭവിക്കുന്നുണ്ട്.

പുതു തലമുറയെയും, നാടിനെയും, തകർക്കുന്ന മയക്കുമരുന്നുകളുടെ അപകടകരമായ സാന്നിധ്യവും, അത് കണ്ടെത്തുന്നതിനിടയിൽ ഉണ്ടാകുന്ന പല സംഭവങ്ങളും ഗൗരവത്തോടെതന്നെ സംഘടന കാണുന്നു. സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിക്കുന്നു.

സംഭവങ്ങളുടെ യാഥാർഥ്യം കൃത്യമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ അത് ചർച്ചചെയ്ത് ശരിയല്ലാത്ത രൂപത്തിലേക്ക് പലരും ചേർന്ന് എത്തിക്കുന്നു.
ഇത് അംഗീകരിക്കാവുന്നതല്ല.

സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടന്ന ആഗസ്റ്റ് 18 ന് തന്നെ സംസ്ഥാന ഭാരവാഹികൾ ബഹു. സംസ്ഥാന പോലീസ് മേധാവിയെ കണ്ട് ഈ വിഷയങ്ങൾ സംസാരിച്ചു. വിശദമായ ചർച്ചയ്ക്കായി സംസ്ഥാന സ്റ്റാഫ് കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചു. ഇത്തരം കാര്യങ്ങളിലെ സംഘടനാ നിലപാട് വളരെ വ്യക്തമാണ്. എല്ലാ പ്രവർത്തനങ്ങളും നിയമ വിധേയമാകണം. ഓരോ പ്രവർത്തിയും ചെയ്യുന്നവർക്കും, ചെയ്യിക്കുന്നവർക്കും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഉണ്ടാകണം.

മയക്കുമരുന്ന് മാഫിയകളെയും,കച്ചവടക്കാരെയും , കണ്ടെത്താനും, ഇത്തരം ഗൗരവമായ കേസുകളിലെ പ്രതികളെ കണ്ടെത്താനും പ്രത്യേക സ്ക്വാഡുകൾ വേണ്ടി വരും. അവർ നടത്തുന്ന പ്രവർത്തനങ്ങൾ നിയമപരമാകണം. എവിടെയാണോ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നത് അവിടേക്ക് നിയമാനുസരണം ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മുതലുകളും,, കുറ്റവാളികളെയും കൈമാറുകയാണ് വേണ്ടത്. ഇത്തരത്തിൽ നിലവിലെ രീതികളിലുള്ള അപാകതകൾ പലതും പരിഹരിച്ച് നിയമപരമാക്കേണ്ടതുണ്ട്.

കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ എത്തിക്കാനും, ജനങ്ങൾക്ക് സുരക്ഷിതത്വം നൽകാനും അതിലൂടെ ഈ നാടിനെ തന്നെ കാത്തുസൂക്ഷിക്കാനും ബാധ്യതപ്പെട്ടവരാണ് പോലീസ്. അങ്ങനെ പ്രവർത്തിക്കുന്ന പോലീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരാൻ പാടില്ല. ശരിയായ പ്രവർത്തനങ്ങളെ പോലും വീഴ്ചയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അതുകൊണ്ട് തന്നെ വലിയ ജാഗ്രതയോടെ, ശ്രദ്ധയോടെ, ആത്മാർഥമായി മുന്നോട്ട് പോകാൻ മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാരോടും അഭ്യർത്ഥിക്കുകയാണ്.

ശരിയായ രീതിയിൽ മാത്രം മുന്നോട്ട് പോകുക.
നിയമപരമായി മാത്രം പ്രവർത്തിക്കുക.
നിയമാനുസരണമല്ലാത്ത ഒരു പ്രവർത്തിയും ആര് നിർദ്ദേശിച്ചാലും ചെയ്യാതിരിക്കുക. ഇങ്ങനെ ശരിയായ പാതയിൽ മുന്നോട്ട് പോകുന്നവർക്കൊപ്പം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉണ്ടാകും.
ശരിയുടെ പാതയിൽ
നിയമാനുസരണം മാത്രം പ്രവർത്തിച്ച്
ഈ നാടിന്റെ സംരക്ഷകരാകാൻ നമുക്ക് കഴിയണം. അങ്ങനെ കേരളത്തിലെ പോലീസിന്റെ അന്തസ്സും യശസ്സും ഉയർത്തി മുന്നോട്ട് പോകാൻ നമുക്ക് കഴിയട്ടെ.

ജീവനക്കാരുടെ ഇത്തരം ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ സംഘടനാ നേതൃത്വം എന്നും ഒപ്പമുണ്ടാകും”.

Leave a Reply

Your email address will not be published. Required fields are marked *