ഐ.എസ്.ആര്‍.ഒ പരീക്ഷയ്ക്കിടെയിലെ ഹൈടെക്ക് കോപ്പിയടി; തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍, ആസൂത്രണം ഹരിയാണയില്‍ നിന്ന്1 min read

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഹരിയാണ സ്വദേശികളായ സുമിത് കുമാര്‍, സുനില്‍ എന്നിവരാണ് പിടിയിലായത്. വി.എസ്.എസി.സിയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി നടന്നത്.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും വച്ച് പരീക്ഷ എഴുതിയ രണ്ട് പേരാണ് നിലവില്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സുനില്‍ കോട്ടണ്‍ഹില്ലില്‍ വച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പിടിയിലായത്. ഹെഡ്സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ചായിരുന്നു ഇവരുടെ കോപ്പിയടി രീതി .
വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ചതിന് ശേഷം ചോദ്യങ്ങള്‍ ഇവര്‍ ഫോണിലെ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാണയിലെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. അതിനുശേഷം തങ്ങളുടെ ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുകയായിരുന്നു ചെയ്തിരുന്നത്.
ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇരുവരും കോപ്പിയടിക്കാന്‍ ശ്രമിച്ചത്. കോപ്പിയടിക്കായുള്ള ആസൂത്രണം നടന്നത് ഹരിയാണയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം.
കോപ്പിയടിയുമായി ബന്ധപ്പെട്ട് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. 79 മാര്‍ക്കിന്റെ ഉത്തരങ്ങല്‍ സുനിലും 25-ലധികം ഉത്തരങ്ങള്‍ സുമിതും ശരിയായരീതിയിൽ  എഴുതിയിരുന്നു. എന്നാല്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *