കെ എസ് യൂ നേതാവ് അൻസില്‍ ജലീല്‍ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്ന് എഫ് ഐ ആര്‍1 min read

22/6/23

തിരുവനന്തപുരം :കെ എസ് യൂ നേതാവ്  അൻസില്‍ ജലീല്‍ ബി കോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്ന് എഫ് ഐ ആര്‍.

വ്യാ‌ജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ അത് ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാൻ ശ്രമിച്ചെന്നും കന്റോണ്‍മെന്റ് പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്‌ട്രാറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരിക്കുന്നത്.

അൻസില്‍ ജലീലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അൻസില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റിലുള്ള രജിസ്റ്റര്‍ നമ്പർ ബി കോം ബിരുദത്തിന് സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റിലെ വി സിയുടെ ഒപ്പ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലയളവില്‍ ഈ സീരിയല്‍ നമ്പരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് സര്‍വകലാശാല രജിസ്‌ട്രാര്‍ ഇതുസംബന്ധിച്ച്‌ ഡി ജി പി പരാതി നല്‍കിയിരുന്നു.

അതേസമയം, ഫോട്ടോഷോപ്പ് ഉപയോഗിച്ച്‌ വ്യാജമായി നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്ന് അൻസില്‍ പറയുന്നു. പ്ലസ് ടു യോഗ്യതയുളള ജോലിയിലാണ് താൻ കയറിയത്. തന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ല. കോഴ്സ് പൂര്‍ത്തിയാക്കാത എങ്ങനെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവുമെന്നും അറിയില്ല.

പൊലീസില്‍ ഇതുസംബന്ധിച്ച്‌ ആദ്യം പരാതി നല്‍കിയത് താനാണ്. ആര്‍ക്കും ചെയ്‌തെടുക്കാവുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. സര്‍വകലാശാലയില്‍ ചേര്‍ന്നത് ബി എ ഹിന്ദിയ്‌ക്കായിരുന്നു. പിതാവിന്റെ അസുഖം കാരണം കോഴ്സ് പൂര്‍ത്തിയാക്കാനായില്ല സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ കളക്ഷൻ ഏജന്റായി ജോലി ചെയ്‌തിരുന്നത് പ്ലസ് ടൂ യോഗ്യത വച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം വാര്‍ത്ത പുറത്തുവിട്ട സി പി എം മുഖപത്രം തന്നെ വ്യക്തമാക്കണം. ഏതന്വേഷണത്തോടും സഹകരിക്കുമെന്നും അൻസില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *