തിരുവനന്തപുരം :അവർ കട്ട കലിപ്പിലാണ്… അടുത്തടുത്ത് ഇരുന്നിട്ടും മുഖ്യമന്ത്രിയും, ഗവർണറും പരസ്പരം ഒന്ന് നോക്കുക പോലും ചെയ്തില്ല.
ഗണേഷ് കുമാറും കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഒരേ വേദിയിലിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം അഭിവാദ്യം ചെയ്യാതിരുന്നത്.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊരുക്കിയ ചായസത്കാരത്തിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്തില്ല. പുതുതായി അധികാരമേറ്റ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും, കെ.ബി ഗണേഷ്‌കുമാറും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും മാത്രമാണ് സത്കാരത്തില്‍ പങ്കെടുത്തത്.
ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചുവച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതും, സെനറ്റ് അംഗങ്ങളെ നിര്‍ദേശിച്ചതിനെ പറ്റിയുള്ള വിവാദവും കൊടുമ്ബിരിക്കൊണ്ടിരിക്കുന്നതിനിടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കൃത്യ സമയത്ത് ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോടും സംസാരിച്ചിരുന്നില്ല. ചടങ്ങ് പൂര്‍ത്തീയാക്കിയതിന് പിന്നാലെ അദ്ദേഹം വേദിവിടുകയും ചെയ്തിരുന്നു.
പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചായസത്കാരം ബഹിഷ്‌കരിച്ചത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്.