ഗണേഷ് കുമാറും, കടന്നപ്പള്ളിയും മന്ത്രി സഭയിലേക്കെന്ന് സൂചന, തീരുമാനം 24ന്1 min read

തിരുവനന്തപുരം :കെ. ബി. ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സഭയിലേക്കെന്ന് സൂചന.എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തില്‍ അറിയാൻ കഴിയും. സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമ തീരുമാനം എടുക്കും മുൻപ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി തേടും.

അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്കും ലഭിക്കേണ്ടത്. കടന്നപ്പള്ളി മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ നടക്കാനിരുന്ന നവകേരളസദസ് മാറ്റിവച്ചിരുന്നു. തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലേതായിരുന്നു മാറ്റിയത്. പകരം ജനുവരി ഒന്ന്, രണ്ട് തീയതികളിലായാണ് ഈ മണ്ഡലങ്ങളില്‍ നവകേരളസദസ് നടക്കുന്നത്. നിലവിലെ മന്ത്രിമാര്‍ തന്നെ നവകേരളസദസ് തീരുന്നതുവരെ തുടരട്ടെ എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്നായിരുന്നു നവംബര്‍ 20ന് നടക്കേണ്ട മന്ത്രിസഭാ പുനഃസംഘടന നീണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *