പി. ജയരാജൻ വധശ്രമകേസ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ1 min read

തിരുവനന്തപുരം :പി ജയരാജൻ വധശ്രമകേസിൽ സുപ്രീംക്കോടതിയിൽ   അപ്പീൽ നൽകി സംസ്ഥാന സർക്കാർ.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് അപ്പീലില്‍ ഉള്ളത്.

കേസില്‍ രണ്ടാം പ്രതി ഒഴികെയുള്ള ഏഴുപേരെ ഹൈക്കോടതി വെറുതേവിട്ടിരുന്നു. 1999ലെ തിരുവോണ ദിനത്തില്‍ പി ജയരാജന്റെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വധശ്രമം, ആയുധം ഉപയോഗിക്കല്‍, കലാപമുണ്ടാക്കാൻ ശ്രമിക്കല്‍ തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നാം പ്രതി കൊയ്യോണ്‍ മനോജ്, നാലാം പ്രതി പാറ ശശി, അഞ്ചാം പ്രതി എളംതോട്ടത്തില്‍ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2007ല്‍ വിചാരണക്കോടതി ഇവർക്ക് പത്ത് വർഷത്തെ കഠിന തടവും പിഴയും വിധിച്ചിരുന്നു.

ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്റെ ശിക്ഷ ഒരു വർഷമായി കുറച്ചു. വിചാരണക്കോടതി നേരത്തേ പത്ത് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. കുറ്റപത്രത്തില്‍ ആറാം പ്രതിയായിരുന്ന കുനിയില്‍ ഷനൂബ്, എട്ടാം പ്രതി കൊവ്വേരി പ്രമോദ്, ഒൻപതാം പ്രതി തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതേവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *